ബാങ്ക് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് തട്ടിപ്പ്; 95 ലക്ഷം കവർന്ന മുൻ ജീവനക്കാരൻ പിടിയിൽ
text_fieldsആലിയബാദ് : തെലങ്കാനയിൽ ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ ടി പിയും കൈക്കലാക്കി 95 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത മുൻ ബാങ്ക് ജീവനക്കാരൻ പൊലീസ് പിടിയിലായി. മഹാരാഷ്ട്ര അകോല സ്വദേശിയായ ചൈതന്യ പ്രമോദ് കുട്ടെ (25) എന്നയാളെയാണ് തെലങ്കാനയിലെ ആദിലാബാദ് ജില്ലാ പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മുമ്പ് ആക്സിസ് ബാങ്കിൽ ജോലി ചെയ്തിരുന്ന ഇയാൾ ബാങ്കിങ് ഇടപാടുകളിലുള്ള പരിചയം വെച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
വിവിധ ബാങ്കുകളിലെ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ശേഖരിച്ച ശേഷം വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു പ്രതി ഫോൺകോളുകൾ ചെയ്തത്. ബാങ്ക് അധികൃതരാണെന്ന് വിശ്വസിപ്പിച്ച് ക്രെഡിറ്റ് കാർഡുകൾ ആക്ടിവേറ്റ് ചെയ്യാനോ വെരിഫിക്കേഷൻ പൂർത്തിയാക്കാനോ എന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് രഹസ്യ വിവരങ്ങളും ഒ ടി പിയും സ്വന്തമാക്കും. തുടർന്ന് യു പി ഐ, ആമസോൺ അക്കൗണ്ടുകൾ വഴി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ നിരന്തരം ഫോണുകളും സിം കാർഡുകളും മാറ്റിയിരുന്നതായും തെളിവ് നശിപ്പിക്കാൻ ഒരു മൊബൈൽ ഫോൺ അടിച്ചുതകർത്തതായും പൊലീസ് പറയുന്നു.
ആദിലാബാദ് സ്വദേശിയായ പ്രഫുൽ പാട്ടീൽ എന്നയാൾക്ക് ഉണ്ടായ 73,279 രൂപയുടെ നഷ്ടത്തെ തുടർന്ന് നൽകിയ പരാതിയിലാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴിയുള്ള സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലായി 150-ഓളം പരാതികൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും ഏകദേശം 95.33 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും തെലങ്കാന പൊലീസ് വ്യക്തമാക്കി. പ്രതിയിൽ നിന്ന് ആപ്പിൾ ഐഫോൺ ഉൾപ്പെടെയുള്ള മൊബൈലുകളും ടൊയോട്ട ഹൈറൈഡർ കാറും നിരവധി സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

