തമിഴ്‌നാട്ടിൽ മുൻ മന്ത്രിയുടെ മകൻ സഹോദരനെ കൊലപ്പെടുത്തി
text_fieldsപുദുകോട്ട: തമിഴ്‌നാട്ടിലെ പുദുകോട്ടയിൽ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുൻ അണ്ണാ ഡിഎംകെ മന്ത്രി അന്തരിച്ച എ. വെങ്കിടാചലത്തിന്റെ മകൻ അനുജനെ ക്രൂരമായി കൊലപ്പെടുത്തി. വെങ്കിടാചലത്തിന്റെ ആദ്യ ഭാര്യയിലെ മകനായ രാജപാണ്ഡ്യനാണ് (42) രണ്ടാം ഭാര്യയിലെ മകനായ രാജരാജനെ (40) കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വടകാട്ടിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പ്രതിയായ രാജപാണ്ഡ്യനെ വടകാട് പോലീസ് അറസ്റ്റ് ചെയ്തു.
വടകാട്ടിൽ രാജരാജനും കുടുംബവും താമസിച്ചിരുന്ന വീടിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു. അണ്ണാ ഡിഎംകെ അമ്മ പേരവൈ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ രാജപാണ്ഡ്യൻ കഴിഞ്ഞ വർഷം രാജരാജനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ബലമായി ഇറക്കിവിട്ട് വീട് പൂട്ടിയിട്ടിരുന്നു. ഇതിനെതിരെ രാജരാജൻ മദ്രാസ് ഹൈകോടതിയെ സമീപിക്കുകയും, തുടർന്ന് വീടിന്റെ താക്കോൽ രാജരാജന്റെ കുടുംബത്തിന് കൈമാറാൻ കോടതി ഉത്തരവിടുകയും ചെയ്തു.
കോടതി ഉത്തരവ് പ്രകാരം താക്കോൽ കൈപ്പറ്റിയ രാജരാജനും കുടുംബവും വ്യാഴാഴ്ച രാവിലെ വീട് തുറന്ന് വൃത്തിയാക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ സമീപവാസി കൂടിയായ രാജപാണ്ഡ്യൻ സ്ഥലത്തെത്തി തർക്കമുണ്ടാക്കി. വാക്കേറ്റം മൂർച്ഛിച്ചതോടെ രാജപാണ്ഡ്യൻ കത്തിയെടുത്ത് ആക്രമിക്കാൻ മുതിർന്നു. ജീവനിൽ ഭയന്ന് രാജരാജൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ രാജപാണ്ഡ്യൻ ഇയാളെ കുത്തുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് രാജരാജന്റെ മുഖത്തടിച്ച് തകർത്തു. രാജരാജൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കൊലപാതകത്തിന് പിന്നാലെ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും രാജപാണ്ഡ്യനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട്ടൈ-പട്ടുക്കോട്ടൈ റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം നീണ്ട ഉപരോധത്തെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തുടർന്ന് പോലീസ് എത്തി രാജപാണ്ഡ്യനെ കസ്റ്റഡിയിലെടുത്ത ശേഷമാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

