മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsവിജയൻ
ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരിയിൽ വിവാഹ വീട്ടിൽനിന്ന് പട്ടാപ്പകൽ സ്വർണവും പണവും കവർന്ന കേസിലെ പ്രതി പട്ടാമ്പി സ്വദേശിയും ആലിപറമ്പിൽ താമസിക്കുന്നയാളുമായ പുതിയ വാരിയത്ത് വിജയനെ (46) സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സബ് ഇൻസ്പെക്ടർ എം. സുനിലിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ജനുവരി 24നായിരുന്നു കവർച്ച. മാണ്ടക്കരി ചപ്പിങ്ങൽ അൻവർ ഹുസൈെൻറ വീടിെൻറ പിറകിലെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. മകെൻറ കല്യാണവുമായി ബന്ധപ്പെട്ട് രാവിലെ 11.30 മുതൽ 2.30 വരെയുള്ള ഓഡിറ്റോറിയത്തിലായിരുന്നു ഹുസൈനും കുടുംബവും. ഈ സമയത്താണ് രണ്ട് മുറികളിൽനിന്നായി 19 പവൻ സ്വർണാഭാരണങ്ങളും 15,000 രൂപയും നഷ്ടപ്പെട്ടത്.
കൊഴിഞ്ഞാമ്പാറയിൽ മറ്റൊരു കേസിൽ പിടിയിലായ വിജയനെ ചോദ്യം ചെയ്തപ്പോഴാണ് ചെർപ്പുളശ്ശേരിയിലെ മോഷണവിവരം വെളിപ്പെടുത്തുന്നത്. കൊഴിഞ്ഞാമ്പാറയിലെ സ്കൂളിൽനിന്ന് ലാപ്ടോപ് മോഷ്ടിച്ച കേസിലാണ് ആദ്യം പിടിയിലായത്. ലാപ്ടോപ് ചെർപ്പുളശ്ശേരിയിൽ വിറ്റതായാണ് വിവരം. അതേസമയം, തൊണ്ടിമുതലുകൾ കണ്ടെടുക്കാനായില്ലെന്നും അന്വേഷണത്തോട് വിജയൻ സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. മോഷണത്തിന് മാറ്റുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടന്നും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി വിവിധ കേസുകളിൽ പ്രതിയാണ് വിജയൻ എന്നും പൊലീസ് അറിയിച്ചു.