മാസവാടക നൽകാനില്ല: ഒഴിപ്പിക്കാനെത്തിയപ്പോൾ കണ്ടത് കൂട്ട ആത്മഹത്യ
text_fieldsകൽക്കാജി: വാടക തർക്കത്തെ തുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ അധികൃതർ കണ്ടത് അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. കഴിഞ്ഞ രണ്ട് വർഷമായി വാടക നൽകിയില്ലെന്ന പരാതിയെ തുടർന്നാണ് കോടതി ഇടപെടലുണ്ടായത്. 40,000 രൂപ മാസ വാടകയ്ക്കാണ് കുടുംബം ഇവിടെ താമസിച്ചിരുന്നത്. പൊലീസും ലീഗൽ ഓഫിസ് ഉദ്യോഗസ്ഥരും വീട് ഒഴിപ്പിക്കാനായി എത്തിയപ്പോൾ, വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് വീട്ടുടമ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് 52 വയസ്സുള്ള സ്ത്രീയെയും അവരുടെ രണ്ട് മക്കളെയും സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനുരാധ കപൂർ (52), മക്കളായ ആശിഷ് കപൂർ (32), ചൈതന്യ കപൂർ (27) എന്നിവരാണ് തൂങ്ങിമരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതിയ കുറിപ്പ് മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അനുരാധയുടെ ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചെന്നും മക്കൾക്ക് ജോലിയുണ്ടായിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെട്ടിട നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഭർത്താവ് വലിയ കടക്കെണിയാണ് കുടുംബത്തിന് ഉണ്ടാക്കിവെച്ചിരുന്നത്. 2023 ഡിസംബറിലാണ് ഈ വീടിന്റെ മൂന്നാമത്തെ നില കുടുംബം വാടകക്കെടുത്തത്. എന്നാൽ ഇവർ വാടക നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം ഭർത്താവ് കൂടി മരിച്ചതിന് പിന്നാലെയാണ് വീട്ടുടമ വീട് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കടുത്ത വിഷാദത്തിലൂടെ കടന്നുപോയ കുടുംബത്തിലെ യുവാക്കൾ കഴിഞ്ഞ മാസം ആത്മഹത്യശ്രമം നടത്തിയിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. വാടകയെച്ചൊല്ലി സ്ഥിരമായി വീട്ടുടമസ്ഥനുമായി തർക്കം നടക്കാറുണ്ടായിരുന്നു.
മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ തുടർ നടപടികൾക്കായി എയിംസിലെ മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ബി.എൻ.എസ്.എസ്സിലെ സെക്ഷൻ 194 പ്രകാരം തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

