തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട്ട് പിടിയിൽ
text_fieldsബാദുഷ
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട അന്തർ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ് പിടികൂടിയത്.
സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട ബാദുഷയെ തൃശ്ശൂർ മതിലകം പൊലീസ് രജിസ്റ്റർചെയ്ത കളവുകേസിൽ തെളിവെടുപ്പിനായി സെപ്റ്റംബർ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. കളവു കേസുകളിൽ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെടുന്ന മറ്റു കളവുകേസ് പ്രതികളുടെ സഹായത്തോടെ വിവിധ ജില്ലകളിൽ മോഷണം നടത്തലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ഇയാൾ മറ്റു ജില്ലകളിൽ എത്തി വീണ്ടും കളവു നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, രാജേഷ് ചൈതന്യ, ഷാഫി പറമ്പത്ത്, പ്രശാന്ത്കുമാർ, ഷഹീർ പെരുമണ്ണ എന്നിവർ പൂവാട്ടുപറമ്പിൽനിന്ന് ബസ് യാത്രക്കിടയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മതിലകം പൊലീസിന് കൈമാറും.

