തൊണ്ടിമുതലായി സൂക്ഷിച്ച എം.ഡി.എം.എ മോഷ്ടിച്ചു; എറണാകുളത്ത് എസ്.ഐക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ മോഷ്ടിച്ച സംഭവത്തിൽ എസ്.ഐയ്ക്ക് സസ്പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ആയ അനസിനെതിരെയാണ് നടപടി സ്വീകരിച്ചത്.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥൻ തൊണ്ടിമുതൽ മോഷ്ടിച്ചതായി കണ്ടെത്തിയത്. ലഹരിവസ്തു എടുത്തശേഷം സൂക്ഷിച്ച സ്ഥലത്തുതന്നെ അനസ് തിരികെ വെച്ചതായാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷൻ എസ്.എച്ച്.ഒ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും കമീഷണര്‍ക്ക് നൽകിയ വിശദമായ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച അനസിന്റെ നേതൃത്വത്തിൽ 76 ഗ്രാം എം.ഡി.എം.എ പിടികൂടുകയും സെന്‍ട്രല്‍ സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിക്കുകയും ചെയ്തിരുന്നു. അതിൽനിന്നാണ് അനസ് ഒരു വിഹിതം മോഷ്ടിച്ചതെന്നാണ് വിവരം. തുടർന്ന് അളവിൽ വ്യത്യാസം കണ്ടെത്തിയതിനാൽ മറ്റു പൊലീസ് ഉദ്യോഗസ്ഥർ സിറ്റി പൊലീസ് കമീഷണറെ അറിയിക്കുകയായിരുന്നു. കമീഷണറുടെ നിർദേശപ്രകാരം എ.സി.പി അന്വേഷണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ അനസിനെതിരെ നടപടി എടുക്കുകയുമായിരുന്നു.
അതേസമയം, ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നും അത് വീട്ടാനുള്ള പണം കണ്ടെത്താനാണ് എം.ഡി.എം.എ മോഷ്ടിച്ചതെന്നുമാണ് അനസ് നൽകിയ മൊഴി. അനസ് ലഹരി ഉപയോഗിക്കുന്നയാളാണോ, ഏതെങ്കിലും ശൃംഖലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതിൽ വ്യക്തതയില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടക്കും.

