എൻജിനീയർ ജോലി വിട്ട് മയക്കുമരുന്ന് ഇടപാടിലേക്ക്; നാട്ടിൽ ആരുമായും അടുപ്പമില്ല, എഡിസണ് അന്താരാഷ്ട്ര ലഹരിബന്ധങ്ങൾ
text_fieldsമൂവാറ്റുപുഴ: മെക്കാനിക്കൽ എൻജിനീയർ ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് ഇടപാടിലേക്ക് കടന്നയാളാണ് പിടിയിലായ ഡാര്ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമെലോണിന്റെ സൂത്രധാരൻ മൂവാറ്റുപുഴ വള്ളക്കാലിൽ ജങ്ഷൻ മുടിയക്കാട്ടിൽ എഡിസൺ. ഞായറാഴ്ചയാണ് നർകോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥർ ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. മെക്കാനിക്കൽ എൻജിനീയറായി ബംഗളൂരു, പുണെ എന്നിവിടങ്ങളിലെ ആഡംബര കാർ കമ്പനിയിൽ ജോലി നോക്കിവരുകയായിരുന്നു ഇയാൾ. ഇതിനിടെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടു.
രണ്ട് വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ആരംഭിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്ക്ക് നെറ്റ് മയക്കുമരുന്ന് വില്പന ശൃംഖലയായ കെറ്റാമെലോണിലൂടെ ഒരുമാസം കൈകാര്യം ചെയ്തത് 10,000 എൽ.എസ്.ഡി ബ്ലോട്ടുകളാണെന്ന് എൻ.സി.ബി കണ്ടെത്തിയിരുന്നു. നാട്ടിൽ ആരുമായും അടുപ്പം ഇല്ലാതിരുന്ന എഡിസൺ അപൂർവമായേ പുറത്തിറങ്ങിയിരുന്നുള്ളൂ. നഗരമധ്യത്തിലെ വള്ളക്കാലിൽ ജങ്ഷനുസമീപം തന്നെയാണ് വീടെങ്കിലും സമീപവാസികൾക്ക് ഇയാളെക്കുറിച്ച് അറിവൊന്നുമില്ല.
ഞായറാഴ്ച രാവിലെ നർകോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ വീട്ടിൽ എത്തുമ്പോൾ ഇയാൾ ഉറക്കത്തിലായിരുന്നു. പരിശോധനയിൽ വീട്ടിലെ ഒരുമുറിയിൽ എൽ.എസ്.ഡി അടക്കമുള്ള വീര്യം കൂടിയ മയക്കുമരുന്നുകൾ കണ്ടെത്തി. മയക്കുമരുന്ന് വിൽപനക്ക് ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ത്രാസ് എന്നിവയും കണ്ടെടുത്തു. പരിശോധനയിൽ വാലറ്റ് അക്കൗണ്ടിൽ ലക്ഷങ്ങളുടെ നിക്ഷേപവും കണ്ടെത്തി. സൗമ്യനായ എഡിസൻ നെറ്റിലൂടെയുള്ള മയക്കുമരുന്ന് വിൽപനക്കാരനാണെന്നറിഞ്ഞത് നാട്ടുകാരെ ഞെട്ടിച്ചു. വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ നിരവധി പേരാണ് വള്ളക്കാലിൽ ജങ്ഷനിലെ വീട്ടിലെത്തിയത്. എന്നാൽ, വീട് പൂട്ടിയ നിലയിലായിരുന്നു.
എഡിസന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ സാമ്പിളുകൾ പരിശോധനക്ക് ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്.. കഴിഞ്ഞ ഞായറാഴ്ച എഡിസന്റെ വീട്ടിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ പിടികൂടിയ മയക്കുമരുന്ന് മൂവാറ്റുപുഴ കോടതിയുടെ റെക്കോഡ് റൂമിലാണ് സൂക്ഷിച്ചിരുന്നത്.
എഡിസണ് അന്താരാഷ്ട്ര ലഹരിബന്ധങ്ങൾ
സ്വന്തം ലേഖകൻ
കൊച്ചി: ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല കെറ്റാമെലോണിന്റെ സൂത്രധാരൻ മൂവാറ്റുപുഴ വള്ളക്കാലിൽ മുടിയക്കാട്ടിൽ എഡിസന് (35) രാജ്യാന്തര ലഹരിസംഘങ്ങളുമായി ബന്ധമെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തി. ലോകത്തെ വൻ എൽ.എസ്.ഡി വിതരണക്കാരനെന്ന് കുപ്രസിദ്ധരായ ഡോ. സ്യൂസിന്റെ ഓൺലൈൻ വിതരണ ശൃംഖലയിൽനിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നും കണ്ടെത്തി. ഇത് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൃംഖലയാണ്. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്ന എഡിസണെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുകയാണ് അന്വേഷണസംഘം. വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്നാണ് വിവരം. ഉപഭോക്താക്കളെയടക്കം കണ്ടെത്താനുള്ള ശ്രമമാണ് എൻ.സി.ബി നടത്തുന്നത്. മൂവാറ്റുപുഴയിൽ വാടകക്ക് താമസിക്കുന്ന അരുൺ തോമസ് എന്നയാളെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ എഡിസന്റെ സഹായിയാണെന്നാണ് സൂചന.
പ്രതിക്ക് ഒമ്പത് സംസ്ഥാനങ്ങളിൽ ലഹരി ഇടപാടുകളുണ്ടായിരുന്നു. ബംഗളൂരു ആസ്ഥാനമാക്കിയായിരുന്നു ഇയാളുടെ പ്രവർത്തനം. നാലുവർഷമായി ലഹരി ഇടപാട് നടത്തിവരുകയായിരുന്നു. രണ്ടുവർഷം മുമ്പ് ഡാർക് നെറ്റിലേക്ക് ഇടപാടുകൾ മാറ്റി. ചെന്നൈ, ഭോപാൽ, പട്ന, ഡൽഹി, ഹിമാചൽപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലും ശൃംഖല പ്രവർത്തിച്ചിരുന്നു. വൻതോതിൽ എൽ.എസ്.ഡി സ്റ്റാമ്പുകൾക്ക് ഇയാൾ ഓർഡർ നൽകിയിരുന്നുവെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. 70 ലക്ഷത്തോളം രൂപയുടെ ക്രിപ്റ്റോ കറൻസി ആസ്തികൾ കണ്ടെത്തിയെന്നത് വൻ ഇടപാടുകളിലേക്കാണ് വിരൽചൂണ്ടുന്നത്.
എൻ.സി.ബി കൊച്ചി സോണൽ യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഓപറേഷൻ മെലോണിലൂടെയാണ് എഡിസൺ പിടിയിലായത്. ജൂൺ 28ന് കൊച്ചിയിലെ മൂന്ന് തപാൽ പാഴ്സലുകളിൽനിന്ന് 280 എൽ.എസ്.ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തിരുന്നു. തങ്ങൾ സംശയിക്കുന്നയാളാണ് പാഴ്സലിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. 29ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. 847 എൽ.എസ്.ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും പിടിച്ചെടുക്കുകയായിരുന്നു. രണ്ടുവർഷമായി കെറ്റാമെലോൺ ഇന്ത്യയിൽ വിപുലമായ നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നുവെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

