വീട് കയറി ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: ചേരിതിരിഞ്ഞ് യുവാക്കൾ ഏറ്റുമുട്ടുകയും വീട് കയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കൈപ്പുഴ കുര്യാറ്റ് കുന്നേൽകോളനിയിൽ കുര്യാറ്റുകുന്നേൽ വീട്ടിൽ അമൽ വർഗീസ് (22), അലൻ വർഗീസ് (18) , അതിരമ്പുഴ ശ്രീകണ്ഠമംഗലം മങ്കോട്ടിപ്പറമ്പിൽ വീട്ടിൽ വൈശാഖ് (24), കൈപ്പുഴ പുളിങ്കാല ഭാഗത്ത് വഞ്ചിയിൽ ഷിജു ജോയി, കൈപ്പുഴ പൂഴിക്കനട ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത് ബാബു (25), കൈപ്പുഴ ചൊള്ളക്കരയിൽ വീട്ടിൽ ജിതിൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളായിരുന്ന ഇവർ വാഹനം വാടകക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്ന് തെറ്റിയിരുന്നു. കഴിഞ്ഞദിവസം രാത്രി കൈപ്പുഴ ശാസ്താങ്കൽ ഗുരുമന്ദിരം ഭാഗത്തുവെച്ച് വൈശാഖ്, ഷിജു ജോയി എന്നിവരുമായി അമലും അലനും വാക്തർക്കമുണ്ടായി. ഇതിനിടെ അമലും അലനും കമ്പിവടി ഉപയോഗിച്ച് ഇവരെ ആക്രമിച്ചു.
ഇതിന്‍റെ പ്രതികാരമായി അന്ന് രാത്രി പത്തോടെ വൈശാഖും ഷിജുവും മറ്റു സുഹൃത്തുക്കളായ രഞ്ജിത്ത് ബാബു, ജിതിൻ എന്നിവരുമായി ചേർന്ന് കുരിയാട് കുന്നേൽ കോളനിയിലുള്ള അമലിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി അമലിനെ അടിച്ചു പരിക്കേൽപിക്കുകയും മാതാവിനെ തള്ളിയിടുകയും ചെയ്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അമലിനെതിരെ ഗാന്ധിനഗര്‍ സ്റ്റേഷനിലും വൈശാഖിനെതിരെ ഏറ്റുമാനൂര്‍ സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച് കെ. ഷിജി, എസ്.ഐമാരായ വി. വിദ്യ, പ്രദീപ് ലാൽ, സി.പി. സോണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി

