ഇലക്ട്രിക് മെഷീൻ മോഷണം: പ്രതി അറസ്റ്റിൽ
text_fieldsഅടൂർ: അടൂർ നയനം തിയറ്ററിന് സമീപം ഷെഡ് കുത്തിപ്പൊളിച്ച് ഒരുലക്ഷത്തോളം രൂപ വിലവരുന്ന കോൺക്രീറ്റ് കട്ടിങ് മെഷീനുകൾ, ഗിൽറ്റി, വൈബ്രേറ്റർ തുടങ്ങിയവ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം പൊൻമംഗലം നേമം പ്ലാവുവിള ഫർഹാൻ വില്ലയിൽ നവാസിനെയാണ് (50) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 27ന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. സംഭവ സ്ഥലത്തെയും പരിസരങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, രണ്ടു സംഘങ്ങളായി തിരിഞ്ഞ് അടൂർ കെ.പി റോഡ്, എം.സി റോഡ് പാതകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. നൂറുകണക്കിന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ സഞ്ചരിച്ച വാഹനത്തെ സംബന്ധിച്ച വിവരം അന്വേഷണസംഘത്തിന് ലഭിച്ചു.
സ്വന്തം ഉടമസ്ഥയിലുള്ള എക്കോസ്‌പോർട് വാഹനത്തിൽ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നതെന്ന് വ്യക്തമായി. ജില്ല സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞശേഷം അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പിന്നീട് നേമം പൊലീസിന്റെ സഹകരണത്തോടെ കസ്റ്റഡിയിൽ എടുക്കുയായിരുന്നു.
അടൂർ, കടുത്തുരുത്തി, തുമ്പ, തിരുവനന്തപുരം ഫോർട്ട്, ചാത്തന്നൂർ, പൂയപ്പള്ളി, ചിങ്ങവനം, കൊട്ടാരക്കര, പത്തനംതിട്ട, ഇരവിപുരം സ്റ്റേഷനുകളിലായി മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരുവനന്തപുരം നേമത്തെ വാടകവീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണവസ്തുക്കൾ കണ്ടെടുത്തു.
ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്‍റെ നിർദേശ പ്രകാരം അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്‍റെ മേൽനോട്ടത്തിൽ അടൂർ സി.ഐ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ വിപിൻ കുമാർ, എ.എസ്.ഐ ഗണേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് ആർ. കുറുപ്പ്, ടി. പ്രവീൺ, ഹരീഷ് ബാബു, സതീഷ്, ജോബിൻ ജോസഫ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.സമാന സ്വഭാവമുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

