തെരഞ്ഞെടുപ്പ് കോഴ: സി.കെ. ജാനുവും പ്രശാന്ത് മലവയിലും ശബ്ദപരിശോധനക്ക് ഹാജരായി
text_fieldsശബ്ദപരിശോധനക്കെത്തിയ സി.കെ ജാനു, പ്രശാന്ത് മലവയൽ എന്നിവർക്ക് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നിർദേശം നൽകുന്നു
കൊച്ചി: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ രണ്ടാം പ്രതിയും ജെ.ആർ.പി നേതാവുമായ സി.കെ. ജാനു ശബ്ദപരിശോധനക്ക് ഹാജരായി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ജാനു ശബ്ദസാമ്പിൾ നൽകുക. സി.കെ. ജാനുവിനൊപ്പം ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയിലും ഹാജരായിട്ടുണ്ട്.
എൻ.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കോഴ കേസിൽ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്. ഫോൺ സംഭാഷണത്തിന്‍റെ ആധികാരികത ഉറപ്പുവരുത്താനാണ് ശബ്ദ പരിശോധന.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.
കേസിലെ ഒന്നാം പ്രതിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രനോടും പ്രധാന സാക്ഷിയും ജെ.ആർ.പി നേതാവുമായ പ്രസീത അഴീക്കോടിനോടും ശബ്ദസാമ്പിൾ നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.