
കുട്ടികൾ തമ്മിലുണ്ടായ തർക്കം കുടുംബങ്ങൾ ഏറ്റെടുത്തു; 12കാരന്റെ നാക്ക് മുറിച്ചെടുത്തതായി പരാതി
text_fieldsലഖ്നോ: കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസികൾ 12കാരന്റെ നാക്ക് മുറിച്ചെടുത്തതായി പരാതി. ഉത്തർപ്രദേശിലെ ബുലന്ദേശ്വറിൽ ഖുർജ പ്രദേശത്താണ് സംഭവം.
അയൽവാസികളായ കുട്ടികൾ തമ്മിൽ ചെറിയ വഴക്കുണ്ടായിരുന്നു. പിന്നീട് അത് മാതാപിതാക്കൾ ഏറ്റെടുക്കുകയും അക്രമാസക്തമാകുയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിേപ്പാർട്ട് ചെയ്യുന്നു.
വഴക്കിന് ശേഷം ഒരു കുടുംബം മറ്റൊരു കുടുംബത്തെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. അതിനിടെ പുറത്ത് കളിച്ചുകൊണ്ടിരുന്ന 12കാരന്റെ നാവ് അറുത്തതായി കുടുംബം പറയുന്നു. മറ്റൊരാളുടെ തലക്കും അക്രമത്തിൽ പരിക്കേറ്റു.
താൻ ഒന്നും ചെയ്തിട്ടില്ലെന്നും അയൽവാസികളായി കുൽദീപും സചിനും സുഹൃത്തുക്കളും ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞു. പുറത്ത് കളിക്കുന്നതിനിടെ മകന്റെ നാവ് അയൽവാസികൾ അറക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്്. മറ്റുള്ളവരെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
നാവിന് പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. തലക്ക് പരിക്കേറ്റ കുട്ടി പ്രാഥമിക ചികിത്സ തേടിയശേഷം ആശുപത്രി വിട്ടു.
