കവർച്ച ശ്രമത്തിനിടെ വയോധികയുടെ കൊലപാതകം: വീട്ടിൽ ജോലിക്കെത്തിയ സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsകൊല്ലപ്പെട്ട പത്മാവതി
പാലക്കാട്: വയോധികയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ ബഷീര്‍, സത്യഭാമ എന്നിവരാണ് പിടിയിലായത്. വയോധികയുടെ വീട്ടില്‍ കെട്ടിടനിര്‍മാണ ജോലിക്കെത്തിയിരുന്നവരാണ് ഇരുവരും. ശനിയാഴ്ച ഉച്ചയോടെ മാല കവരാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍വീട്ടില്‍ പത്മാവതിയെ (74) വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം പത്മാവതി ഒറ്റക്കായിരുന്നു താമസം. മകനും കുടുംബവും ഇതിനോട് ചേര്‍ന്ന മറ്റൊരു വീട്ടിലായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ മകന്‍ വിളിക്കാനെത്തിയപ്പോഴാണ് അമ്മയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാല നഷ്ടപ്പെട്ടതായും വ്യക്തമായി. കഴുത്തില്‍ പരിക്കുമുണ്ടായിരുന്നു. ഇതോടെ സംഭവം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വ്യക്തമായി. കഴുത്തിലുണ്ടായ ബലപ്രയോഗമാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പത്മാവതിയുടെ വീട്ടില്‍ നിര്‍മാണ ജോലിക്കെത്തിയിരുന്നവരാണ് പ്രതികൾ. വീട്ടിൽ വയോധിക ഒറ്റക്കാണെന്ന് മനസ്സിലാക്കിയ ഇവർ മൂന്നുദിവസം മുമ്പ് മോഷണം ആസൂത്രണം ചെയ്തതായി പൊലീസ് പറയുന്നു. ശനിയാഴ്ച ഉച്ചക്ക് ജോലിസ്ഥലത്തുനിന്ന് മറ്റു തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ തങ്ങള്‍ ഭക്ഷണം കൊണ്ടുവന്നില്ലെന്നും പുറത്തുപോവുകയാണെന്നും പറഞ്ഞ് ഇരുവരും പോവുകയായിരുന്നു. തുടര്‍ന്ന് പത്മാവതിയുടെ വീടിനകത്ത് കയറി മാല പൊട്ടിക്കാന്‍ ശ്രമിച്ചു. മോഷണശ്രമം ചെറുക്കാന്‍ ശ്രമിച്ച പത്മാവതി പ്രതികളെ തിരിച്ചറിഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാല കവർന്ന് കടന്നുകളഞ്ഞു.
മോഷ്ടിച്ച മാല ബഷീറാണ് ചിറ്റൂരിലെ ജ്വല്ലറിയില്‍ വിറ്റത്. മൂന്നുദിവസം മുമ്പ് ഇതേ ജ്വല്ലറിയിലെത്തി മാല കൊണ്ടുവന്നാല്‍ എടുക്കുമോയെന്ന് സത്യഭാമ ചോദിച്ചിരുന്നു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

