വയോധികയെ വീൽചെയറോടെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; മകൻ അറസ്റ്റിൽ
text_fieldsപത്മാവതി, പാർത്ഥസാരഥി
കോയമ്പത്തൂർ: കിടപ്പിലായ അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന മകന്റെ ക്രൂരകൃത്യം നാടിനെ ഞെട്ടിച്ചു. റാണിപേട്ട ജില്ലയിലാണ് മനസ്സാക്ഷിയെ മരവിപ്പിച്ച സംഭവം. തിരുവള്ളൂർ ജില്ലയിലെ മണവൂർ അണ്ണാനഗർ സ്വദേശി പത്മാവതിയാണ് (70) സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പത്മാവതിയുടെ രണ്ടാമത്തെ മകൻ പാർത്ഥസാരഥിയെ (43) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
പക്ഷാഘാതവും മറ്റ് വാർധക്യകാല അസുഖങ്ങളും മൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിയതിനെ തുടർന്ന് പാർത്ഥസാരഥിയുടെ സംരക്ഷണത്തിലായിരുന്ന അമ്മയെ ചൊല്ലി കുടുംബത്തിൽ തർക്കങ്ങളുണ്ടായി. അമ്മയെ നോക്കുന്നത് വലിയ ഭാരമായി മാറിയെന്ന് പറഞ്ഞ് ഭാര്യ പിണങ്ങിപ്പോയതിലുള്ള നിരാശയാണ് പാർത്ഥസാരഥിയെ ക്രൂരമായ തീരുമാനത്തിലേക്ക് എത്തിച്ചത്.
അമ്മയോട് ‘പുറത്തേക്ക് കൊണ്ടുപോകാം’ എന്ന് പറഞ്ഞ് പാർത്ഥസാരഥി വിശ്വസിപ്പിച്ചു. തുടർന്ന് അമ്മയുമായി ഇയാൾ മണവൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും പ്ലാറ്റ്ഫോമിലേക്ക് വീൽചെയറിൽ കൊണ്ടുപോകുകയും ചെയ്തു. രാത്രി 8.55ഓടെ സപ്തഗിരി എക്സ്പ്രസിന് മുന്നിലേക്ക് വീൽചെയറിലിരുന്ന അമ്മയെ തള്ളിയിടുകയായിരുന്നു. ട്രെയിനിന്റെ ചക്രങ്ങളിൽ കുടുങ്ങി പത്മാവതി ദാരുണമായി മരണപ്പെട്ടു.
പിറ്റേന്ന് രാവിലെ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ട്രാക്കിന് സമീപം തകർന്ന നിലയിൽ വീൽചെയർ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത തോന്നിയത്. തുടർന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് പാർത്ഥസാരഥി അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

