20 ദിവസം ഭക്ഷണം നൽകാതെ മകൻ വീട്ടിൽ പൂട്ടിയിട്ട വയോധിക മരിച്ചു
text_fieldsബറേലി: ഉത്തർപ്രദേശിലെ പിലിഭിത്തിൽ മകൻ 20 ദിവസം ഭക്ഷണം നൽകാതെ വീട്ടിൽ പൂട്ടിയിട്ട വയോധിക മരിച്ചു. ബിലാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദുർഗ പ്രസാദ് പ്രദേശത്താണ് സംഭവം.
63കാരിയായ ലീല ദേവിയാണ് മരിച്ചത്. സമീപവാസികൾക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി 63കാരിയെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ പിന്നീട് മരിച്ചു.
27കാരനായ മകൻ പങ്കജ് കുമാർ 20 ദിവസം മുമ്പ് വയോധികയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. സോറിയാസിസ് ബാധിച്ച് കിടപ്പിലായിരുന്ന ഇവർക്ക് ഭക്ഷണവും ലഭിച്ചിരുന്നില്ല.
ദേവിയും മകനും മാത്രമാണ് വീട്ടിൽ താമസം. ജോലി ആവശ്യങ്ങൾക്കായി കുമാർ മിക്ക ദിവസങ്ങളിലും വീട്ടിൽ ഉണ്ടാകാറില്ല. മകനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അയൽവാസിയായ മനീഷ് കുമാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ വീട്ടിലെത്തിയപ്പോൾ ബോധമില്ലാത്ത നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇവരെ പ്രവേശിപ്പിച്ചു. പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മകനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
അയൽവാസികൾ ദേവിക്ക് ജനലിലൂടെ ഭക്ഷണം നൽകാൻ ശ്രമിച്ചിരുന്നതായും പറയുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.