വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; സഹോദരൻ ഒളിവിൽ
text_fieldsകോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധിക സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഒപ്പം താമസിച്ച സഹോദരൻ ഒളിവിലാണ്. വേങ്ങേരി തടമ്പാട്ടുതാഴം ഫ്ലോറിക്കൽ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന നടക്കാവ് മൂലൻകണ്ടി വീട്ടിൽ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്.
സഹോദരൻ പ്രമോദിനുവേണ്ടി (62) പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഇവർക്കൊപ്പം താമസിക്കുന്ന ഇളയ സഹോദരൻ പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ചത്. തുടർന്ന് ബന്ധുക്കളെത്തി വീട് തുറന്നുനോക്കിയപ്പോൾ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം രണ്ട് മുറികളിലെയും കട്ടിലിൽ പുതപ്പുകൊണ്ട് മൂടിയിട്ട നിലയിലായിരുന്നു.
പ്രമോദിനെ കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. അവിവാഹിതരായ ശ്രീജയയും പുഷ്പയും സഹോദരനും മൂന്നു വർഷമായി ഒരുമിച്ചാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. ശ്രീജയ ആരോഗ്യ വകുപ്പിൽനിന്ന് സ്വീപ്പറായി വിരമിച്ചതാണ്. അവർ ശാരീരികാവശതകളെ തുടർന്ന് കിടപ്പിലായിരുന്നുവെന്നും പുഷ്പക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും പരിചരിക്കുന്നത് പ്രമോദാണ്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഫറോക്ക് റെയിൽവേ സ്‌റ്റേഷന് സമീപം പ്രമോദിന്റെ ഫോൺ ലൊക്കേഷൻ കാണിച്ചിരുന്നു. ചേവായൂർ ഇൻസ്പെക്ടർ ടി. മഹേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നടത്തിയ പോസ്റ്റുമോർട്ടത്തിൽ, കൊലപാതകമാണെന്നും ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചതെന്നുമാണ് പ്രാഥമിക വിവരം. ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ, അസി. പൊലീസ് കമീഷണർ എ. ഉമേഷ് എന്നിവരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

