വയോധികൻ കുത്തേറ്റ് മരിച്ച സംഭവം: മരുമകൻ അറസ്റ്റിൽ
text_fieldsപ്രതി അലക്സിനെ
തെളിവെടുപ്പിന്
കൊണ്ടുവന്നപ്പോൾ
ചെറുതോണി: വയോധികൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. വെൺമണി തെക്കൻതോണി സ്വദേശി പുത്തൻപുരക്കൽ അലക്സിനെയാണ് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെത്തുടർന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അലക്സ് ഭാര്യാപിതാവ് തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനെ കുത്തിക്കൊലപ്പെടുത്തിയത്.
അലക്സ് നിരന്തരം വഴക്കിട്ടിരുന്നതിനെത്തുടർന്ന് ഭാര്യ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച കുടുംബക്കാർ എല്ലാവരും തെക്കൻതോണിയിലെ ബന്ധുവീട്ടിൽ ഒത്തുചേർന്ന സമയത്താണ് കഠാരയുമായി അലക്സ് ഇവിടെയെത്തിയത്. തുടർന്ന് കുടുംബാംഗങ്ങളുമായി വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശ്രീധരനെ കുത്തുകയുമായിരുന്നു. ഉടൻ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഒളിവിൽ പോയ അലക്സിനെ കഞ്ഞിക്കുഴി പൊലീസ് വെണ്മണിയിൽനിന്ന് പിടികൂടുകയായിരുന്നു.പ്രതിയെ തിങ്കളാഴ്ച തെളിവെടുപ്പിന് വെണ്മണിയിലെ വീട്ടിലെത്തിച്ചു. കത്തി ഇയാളുടെ തെക്കൻതോണിയിലെ വീടിന്റെ വിറകുപുരയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

