പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല, പിന്നാലെ നടന്നത് ക്രൂരകൊലപാതകം
text_fieldsരാഘവൻ, ഭാരതി
https://www.madhyamam.com/kerala/elderly-couple-dies-in-house-fire-in-alappuzha-murder-suspected-1375261
ആലപ്പുഴ: സ്വത്ത് തർക്കത്തിന്റെ പേരിൽ വയോധികരായ മാതാപിക്കളെ മർദിച്ച സംഭവത്തിൽ മകനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ച് അതിക്രൂര കൊലപാതകം.
പൊലീസ് വിളിപ്പിച്ചിട്ടും അതൊന്നും കൂസാക്കാതെ കൃത്യമായ ആസൂത്രണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സമീപത്തെ പമ്പിൽനിന്ന് വാങ്ങിവെച്ച പെട്രോൾ ഒഴിച്ച് വീടിന് തീയിട്ടാണ് മാതാപിതാക്കളായ രാഘവനെയും ഭാരതിയെയും വിജയൻ ചുട്ടുകൊന്നത്.
തീപിടിത്തത്തിൽ പൂർണമായും കത്തിയർന്ന ടിൻഷീറ്റ് മറച്ച രണ്ട് മുറിയുള്ള ചെറിയവീട് അടക്കമുള്ള സ്വത്ത് എഴുതി നൽകാത്തതിന്റെ പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം സമ്മതിച്ചു. സ്വത്തുതർക്കത്തിന്റെ വീട്ടിൽ നിരന്തരം പ്രശ്നമുണ്ടാകാറുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയും സമാനരീതിയിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ രാഘവനെയും ഭാരതിയെയും അതിക്രൂരമായി മർദിച്ചു. രാഘവന്റെ കൈയൊടിയുകയും ഭാരതിയുടെ ഇടുപ്പ് എല്ലിനും പരിക്കേറ്റിരുന്നു.
ഇരുവരും ആശുപത്രിയിൽ ചികിത്സതേടിയ ശേഷം മാന്നാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. വിഷയം ആരോഗ്യപ്രവർത്തകരെ അറിയിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പരാതിക്ക് പിന്നാലെ വെള്ളിയാഴ്ച സ്റ്റേഷനിലെത്താൻ പൊലീസ് വിജയനോട് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല.
ശനിയാഴ്ച രാവിലെ എത്തണമെന്ന് കർശന നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു വീടിന് തീയിട്ട് മാതാപിതാക്കളെ വകവരുത്തിയത്. പലവട്ടം മകനിൽനിന്ന് മർദനവും ഭീഷണിയുംനേരിട്ടതോടെ പൊലീസിനെ സമീപിച്ചിട്ടും യഥാസമത്ത് ഇടപെടൽ ഉണ്ടായില്ലെന്ന് അടുത്ത് താമസിക്കുന്ന ബന്ധുക്കളും അയൽവാസികളും പറഞ്ഞു.
പൂർണമായും കത്തികരിഞ്ഞ് കട്ടിലിൽ കിടക്കുന്ന രീതിയിൽ മൃതദേഹം. അതിനാൽ തീവെക്കും മുമ്പ് പ്രതി മർദിച്ച് അവശരാക്കിയോയെന്ന സംശയവുമുണ്ട്. സ്വത്തിനുവേണ്ടി മാതാപിതാക്കളെ നിരന്തരം ഉപദ്രവിച്ചിരുന്ന വിജയൻ ഇവരെ കൊല്ലുമെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു.
കുടുംബത്തിന്റെ ഓഹരികിട്ടിയ സ്ഥലത്ത് ടിൻഷീറ്റ കൊണ്ട് നിർമിച്ച വീട്ടിലാണ് മൂവരും താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

