ഇലന്തൂർ നരബലി; മുൾമുനയിൽ, മണിക്കൂറുകൾ നീണ്ട തെളിവെടുപ്പ്
text_fieldsഇലന്തൂരിലെ ഇരട്ട നരബലി നടന്ന വീട്ടുപറമ്പിൽ പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ്
വീക്ഷിക്കുന്ന നാട്ടുകാർ
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂർ പുളിന്തിട്ടയിലെ വൈദ്യൻ ഭഗവൽ സിങ്ങിന്റെ വീട്ടിലും മൃതദേഹങ്ങൾ കുഴിച്ചിട്ട സമീപ പറമ്പിലും മൂന്ന് പ്രതികളെയും എത്തിച്ച് പൊലീസ് തെളിവെടുത്തു. കൊലപാതകം നടന്ന വീട്ടിലെ മുറിയിൽ പ്രതികളെ ഓരോരുത്തരെയായി നിർത്തി കൊലപാതകത്തിന്റെ ഡെമ്മി പരീക്ഷണവും നടത്തി. മുഖ്യസൂത്രധാരനും കേസിലെ ഒന്നാം പ്രതിയുമായ മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതിയും ഭഗവൽ സിങ്ങിന്റെ രണ്ടാം ഭാര്യയുമായ ലൈല എന്നിവരെ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഇലന്തൂർ പുളിന്തിട്ടയിലെ വീട്ടിൽ എത്തിച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾ ശനിയാഴ്ച രാത്രി വൈകിയും തുടർന്നു. ശാസ്ത്രീയ തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഫോറൻസിക് പരിശോധനയും നടന്നു. കാടും പടലും നിറഞ്ഞ ഒന്നര ഏക്കറിൽ ഇനിയും മൃതദേഹങ്ങളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് പൊലീസ് നായ്ക്കളെയും എത്തിച്ചിരുന്നു. വീട്ടിലും വൈദ്യന്റെ തിരുമ്മുകേന്ദ്രത്തിലും ഇവ മണം പിടിച്ചെത്തി.
വൻ പൊലീസ് സന്നാഹത്തെ അണിനിരത്തിയെങ്കിലും പ്രതികളെ എത്തിക്കവെ പ്രതിഷേധവുമുണ്ടായി. തടിച്ചുകൂടിയ ജനത്തിനിടയിൽനിന്ന് കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി പ്രതികളെ കൊണ്ടുവന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തുചാടി. പൊലീസ് നന്നെ പണിപ്പെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
കഴിഞ്ഞ വ്യാഴാഴ്ച ചോദ്യംചെയ്യലിനും തെളിവെടുപ്പിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി ശനിയാഴ്ച പുലർച്ച അന്വേഷണസംഘം കൊച്ചിയിൽനിന്ന് പുറപ്പെടുകയായിരുന്നു. പ്രതികൾ പരസ്പരം സമ്പർക്കം പുലർത്താതിരിക്കാൻ പ്രത്യേകം വാഹനങ്ങളിലായിരുന്നു യാത്ര. കേസ് അന്വേഷിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
അന്വേഷണവുമായി സഹകരിക്കുന്ന ഭഗവൽ സിങ്ങിനെ ആദ്യം വാഹനത്തിൽനിന്ന് പുറത്തിറക്കി പറമ്പിലെത്തിച്ച് തെളിവെടുത്തു. തുടർന്ന് ഇയാളെ വൈകുന്നേരത്തോടെ വീട്ടിലെ മുറിയിൽ എത്തിച്ച് കൊലപാതകത്തിന്റെ ഡെമ്മി പരീക്ഷണം നടത്തി. ഈ സമയമത്രയും വാഹനത്തിലിരുത്തിയ ഷാഫിയെയും ലൈലയെയും പിന്നീട് മുറിക്കുള്ളിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത് കൊലപാതക വിവരങ്ങൾ ചോദിച്ചറിഞ്ഞു. കാര്യങ്ങൾ വിട്ടുപറയാതെ ഷാഫി അന്വേഷണത്തെ വഴിതെറ്റിക്കുന്നുണ്ട്. എന്നാൽ, തെളിവുകൾനിരത്തിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ലൈല അടിയറവ് പറയുന്നതായി അറിയുന്നു.
രാത്രിയോടെ ഇവരെ സ്ഥലത്തുനിന്ന് മടക്കികൊണ്ടുപോയി. വിദഗ്ധ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കൾ മണംപിടിച്ച പറമ്പിലെ സ്ഥലങ്ങൾ മാർക്ക് ചെയ്ത് കുഴിച്ച് പരിശോധിക്കും. പറമ്പിൽനിന്ന് ലഭിച്ച മൃഗങ്ങളുടെ എല്ലിൻ കഷണങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

