അന്ന് പരാതിക്കാരൻ, ഇന്ന് സൈബർ തട്ടിപ്പ് വിദഗ്ദൻ; യുവാവും സംഘവും തട്ടിയത് മൂന്ന് കോടി, ഒടുവിൽ വലയിൽ
text_fieldsന്യൂഡൽഹി: ജോലി തട്ടിപ്പിനിരയായി പൊലീസിൽ പരാതി നൽകിയ ആൾ ഏഴുവർഷത്തിന് ശേഷം സമാന തട്ടിപ്പ് നടത്തിയതിന് പിടിയിൽ. ഡൽഹി പൊലീസിന്റെ ‘സൈബർ ഹോക്ക്’ എന്ന് പേരിട്ട സൈബർ തട്ടിപ്പുകാർക്കെതിരെയുള്ള ഓപറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം(36) പിടിയിലായത്. സംഘത്തിന്റെ നേതൃത്വത്തിൽ മൂന്നുകോടിയോളം രൂപ തട്ടിയെടുത്തതായാണ് പൊലീസിന്റെ കണ്ടെത്തൽ.
2018ലാണ് ജോലി തട്ടിപ്പിൽ 999 രൂപ നഷ്ടമായ പരാതിയുമായി മുഹമ്മദ് ആലം പൊലീസിനെ സമീപിച്ചത്. എന്നാൽ, തുക താരതമ്യേന ചെറുതായതുകൊണ്ട് പൊലീസ് പരാതിക്ക് കാര്യമായ പരിഗണന നൽകിയില്ല. തുടർന്ന്, ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ആലം സ്വയം തട്ടിപ്പുകാരനായി മാറുകയായിരുന്നു. സ്വന്തമായി കോൾ സെന്ററിന് സമാനമായ സംവിധാനമടക്കം ഒരുക്കിയായിരുന്നു പ്രവർത്തനം.
തുടക്കത്തിൽ ഇയാൾ 2,000 രൂപയിൽ താഴെയുള്ള തുകകളാണ് തട്ടിയെടുത്തിരുന്നത്. ക്രമേണ തടിപ്പിന്റെ വ്യാപ്തിയും തുകയും ഉയർന്നു. തന്റെ അത്യാഗ്രഹം ഒരിക്കൽ കുഴപ്പത്തിലാക്കുമെന്ന് അറിയാമായിരുന്നുവെന്ന് ആലം കുറ്റസമ്മതത്തിനിടെ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ഇയാൾക്കൊപ്പം, കൂട്ടാളികളായ സന്ദീപ് സിങ് (35), സഞ്ജീവ് ചൗധരി (36) എന്നിവരും പിടിയിലായിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും സിംകാർഡുകളും നൽകി സംഘത്തെ സഹായിച്ച ഡൽഹി സ്വദേശികളായ ഹർഷിത, ശിവം രോഹില്ല എന്നിവരെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി ഷഹീൻ ബാഗ് സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം വലയിലാവുന്നത്. ജോലി നൽകാമെന്ന് പറഞ്ഞ് 13,500 രൂപ കബളിപ്പിച്ചതായായിരുന്നു യുവാവിന്റെ പരാതി. തട്ടിപ്പുകാർ നൽകിയ അക്കൗണ്ട് നമ്പറിൽ ഇയാൾ പണം അയച്ചുനൽകുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിന്റെ ഉടമയായ ഹർഷിത പിടിയിലായി. ചോദ്യം ചെയ്യലിൽ, തന്റെ പേരിൽ സിം വാങ്ങി ബാങ്ക് അക്കൗണ്ട് തുറന്ന് സഞ്ജീവിന് കൈമാറിയതായി ഇവർ സമ്മതിച്ചു. ഇതിനിടെ തട്ടിപ്പിന് ഉപയോഗിച്ച മറ്റൊരു ഫോൺ നമ്പറിന്റെ ഉടമയായ ശിവം രോഹില്ലയെ അമർ കോളനിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മയൂർ വിഹാർ ഫേസ് -3 കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ഇരകളെ വലയിലാക്കാൻ ആലം ടെലികോളിംഗ് ജീവനക്കാരെ നിയമിച്ചിരുന്നു. ആകർഷകമായ ജോലി അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഇവർ ഇരകളെ കബളിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. സാങ്കേതിക വിദ്യകൾ സമർഥമായി ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്.
സ്വയം തട്ടിക്കൂട്ടുന്ന സാങ്കൽപ്പിക കമ്പനികളിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ തട്ടിപ്പെന്ന് ഡി.സി.പി (സൗത്ത്-ഈസ്റ്റ്) ഡോ. ഹേമന്ത് തിവാരി പറഞ്ഞു. ഇതിനകം തട്ടിപ്പിനിരയായ 300 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം മൂന്ന് കോടി രൂപയുടെ ഇടപാടുകൾ കണ്ടെത്തി. തട്ടിപ്പിന് ഉപയോഗിച്ച 16 ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു. 23 ഡെബിറ്റ് കാർഡുകൾ, ഒരു ഹാർഡ് ഡിസ്ക്, 18 ലാപ്ടോപ്പുകൾ, 20 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയർന്നേക്കാമെന്നും തിവാരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

