മദ്യലഹരിയിൽ ക്രൂരത: ഭാര്യയുമായുള്ള വഴക്കിനിടെ നാല് വയസ്സുകാരനെ തറയിലിടിച്ച് കൊലപ്പെടുത്തി
text_fieldsപ്രതീകാത്മക ചിത്രം
ലഖ്‌നൗ: മദ്യപിച്ചെത്തിയ പിതാവ് നാല് വയസ്സുകാരനായ സ്വന്തം മകനെ തറയിലിടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലുള്ള സുരിയാവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുവാലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണസംഭവം നടന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതിയായ റാംജി വൻവാസി, ശനിയാഴ്ച രാത്രി അമിതമായി മദ്യപിച്ച് ഏറെ വൈകിയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ഇയാൾ ഭാര്യയുമായി വഴക്കിടാൻ തുടങ്ങി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ സമയം അടുത്തുറങ്ങിക്കിടക്കുകയായിരുന്ന നാലു വയസ്സുകാരനായ മകൻ വികാസിനെ ബലമായി പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു.
രോഷാകുലനായ ഇയാൾ കുഞ്ഞിനെ പലതവണ തറയിൽ ആഞ്ഞടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിനെ രക്ഷിക്കാനായി കുടുംബാംഗങ്ങൾ പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും വികാസ് മരണത്തിന് കീഴടങ്ങിയിരുന്നു. തലക്കും ശരീരത്തിനുമേറ്റ മാരകമായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്രൂരതയ്ക്ക് ശേഷം പ്രതി റാംജി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു
ഞായറാഴ്ച ഉച്ചയോടെ കുട്ടിയുടെ മുത്തശ്ശി പ്രഭാവതി ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഉടൻ നടത്തിയ തിരച്ചിലിൽ പ്രതിയായ റാംജി വൻവാസിയെ വീടിന്റെ പരിസരത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇയാൾ കുഞ്ഞിന്റെ തലപിടിച്ച് തറയിൽ പലതവണ ആഞ്ഞടിക്കുകയായിരുന്നു എന്ന് പൊലീസ് സ്റ്റേഷൻ മേധാവി മുഹമ്മദ് ഷക്കീൽ ഖാൻ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. കൊലപാതക കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

