ലഹരിക്കടത്ത്: 1685 പേരുടെ പട്ടികയുമായി പൊലീസ്, 162 പേരെ കരുതൽ തടങ്കലിലാക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: സർക്കാറിന്റെ 'ലഹരി മുക്ത കേരളം' പദ്ധതിയുടെ ഭാഗമായി ലഹരിക്കടത്തുകാരായ 162 പേരെ ഗുണ്ടാആക്ടിന് സമാനമായ നിലയിൽ കരുതൽ തടങ്കലിൽ വെക്കാനുള്ള ശിപാർശയുമായി പൊലീസ്. ഇത് പൊലീസ് സർക്കാറിന് കൈമാറി. സംസ്ഥാനത്തേക്കുള്ള ലഹരി കടത്തിലെ മുഖ്യകണ്ണികളായ 1685 പേരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കി കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്നുമുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. എക്സൈസ്-പൊലീസ് സംയുക്ത പരിശോധന വേണമെന്ന ശിപാർശയുമുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം ശക്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും കരുതൽ തടങ്കലിനുമുള്ള നടപടികൾ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലും പുരോഗമിക്കുകയാണ്.
സ്ഥിരം കുറ്റവാളികളായ 2600ലധികം പേരുടെ പട്ടിക എക്സൈസും തയാറാക്കിയിട്ടുണ്ട്. പൊലീസ് കേസുകളുടെ എണ്ണംകൂടി പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്. സ്കൂളുകളും കലാലയങ്ങളും കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് നിർമാർജന യജ്ഞം ശക്തമാക്കണമെന്നും രക്ഷിതാക്കളെ ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരിക്കണമെന്നും പൊലീസ് ശിപാർശയിലുണ്ട്. ശിപാർശ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.
മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന് നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിനുള്ള നീക്കങ്ങളും സർക്കാറിന്റെ പരിഗണനയിലുണ്ട്. കഞ്ചാവിന്റെ ഉപയോഗം സംബന്ധിച്ച കേസുകളിൽ ശിക്ഷ വർധിപ്പിക്കുന്നതിന് വീണ്ടും കേന്ദ്ര സർക്കാറിനെ സമീപിക്കാനും ഉദ്ദേശിക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

