രാസലഹരി വിൽപന: റാക്കറ്റിലെ ഒരാൾ കൂടി പിടിയിൽ
text_fieldsഷിജു
വർക്കല: രാസലഹരി വിൽപന റാക്കറ്റിലെ ഒരാൾകൂടി പിടിയിൽ. വർക്കല ശ്രീനിവാസപുരം ഷിജുനിവാസിൽ ചില്ലു എന്ന ഷിജുവാണ്(33) അറസ്റ്റിലായത്. ചില്ലറ വിൽപനക്കാർക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനികളിലൊരാളാണ് ഷിജു.
ഇക്കഴിഞ്ഞ 14ന് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും വർക്കല പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച 10.07 ഗ്രാം എം.ഡി.എം.എയുമായി ചെറുന്നിയൂർ സ്വദേശി മുകേഷ് (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഷിജുവിൽ നിന്നാണ് ലഹരിവസ്തുക്കൾ വിൽപനക്കായി ലഭിച്ചതെന്ന വിവരം പൊലീസിന് കിട്ടിയത്. ഇതിനെത്തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഷിജു പിടിയിലായത്. കോടതി റിമാൻഡ് ചെയ്തു.

