കാറിൽ ലഹരിമരുന്ന് കടത്ത്; കാപ നിയമപ്രകാരം തടവിൽ കഴിഞ്ഞ രണ്ടുപേർ അറസ്റ്റിൽ
text_fieldsഇജാസ്, പ്യാരി
കരുനാഗപ്പള്ളി : കാറിൽ ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ 10 ദിവസമായി നടത്തിവരുന്ന ലഹരി മരുന്ന് വേട്ടയുടെ ഭാഗമായി കഴിഞ്ഞ 31ന് രാത്രി 11 ഓടെ കാറിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ടു വരവെ പൊലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. ഓച്ചിറ, കായംകുളം, കരുനാഗപ്പള്ളി , തൃശൂർ, വിയ്യൂർ എന്നിവിടങ്ങളിൽ നിരവധി കൊലപാതക ശ്രമ കേസുകളിൽ പ്രതികളായ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞശേഷം മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ക്ലാപ്പന വരവിള തറയിൽതെക്കതിൽ ഇജാസ് (32), ഓച്ചിറ പായിക്കുഴി മോടൂർ തറയിൽ പ്യാരി എന്നിവരെയാണ് കായംകുളത്തെ ലോഡ്ജിൽനിന്ന് പിടികൂടിയത്.
തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ സുഹൃത്തായ പ്രതിക്ക് എം.ഡി.എം.എ കൈമാറിയ കേസിലും ഇജാസ് പ്രതിയാണ്. കഴിഞ്ഞ 31ന് കോവളത്തുനിന്ന് കാറിൽ പ്രതികൾ ഓച്ചിറ ഭാഗത്തേക്ക് വരുന്ന വിവരം ലഭിച്ചതിനെതുടർന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനക്കിടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിൽനിന്ന് ഒമ്പത് ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തിരുന്നു. ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്. ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, എ.എസ് .ഐ മാരായ നന്ദകുമാർ, ശ്രീകുമാർ, ഉത്തരകുട്ടൻ എസ്.സി.പ .ഒ രാജീവ്കുമാർ, സി.പി.ഒ ഹാഷീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.