ലക്കും ലഗാനുമില്ലാതെ ലഹരി കടത്ത്
text_fieldsതൊടുപുഴ: ജില്ലയിൽ ലഹരി കടത്ത് സംഘങ്ങളുടെ പ്രവർത്തനവും ലഹരി ഇടപാടുകളും വർധിക്കുന്നു. എക്സൈസും പൊലീസും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടും ലഹരിമാഫിയയുടെ പ്രവർത്തനം കൂടുതൽ സജീവമാകുകയാണ്. പൊലീസുകാർവരെ ലഹരി കടത്ത് സംഘങ്ങളിലെ കണ്ണികളായി പ്രവർത്തിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.
ശനിയാഴ്ച തൊടുപുഴ മുതലക്കോടത്ത് മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറും സുഹൃത്തും പിടിയിലായ സംഭവം ജില്ലയിലെ ലഹരിമാഫിയ ശൃംഖലയുടെ സ്വാധീനവും ശക്തിയും വിളിച്ചോതുന്നതാണ്.
ലഹരി ഇടപാടുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നയാളാണ് പിടിയിലായ സിവിൽ പൊലീസ് ഓഫിസർ എം.ജെ. ഷാനവാസ് എന്നാണ് പുറത്തുവരുന്ന വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് പഴുതടച്ച ആസൂത്രണത്തോടെ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഹരി പദാർഥങ്ങൾ കടത്തുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇടുക്കിയിൽ വിതരണം ചെയ്യുന്നതിന് പുറമെ എറണാകുളമടക്കം മറ്റ് ജില്ലകളിലേക്കും ജില്ല വഴി കഞ്ചാവും ഹഷീഷ് ഓയിലും എം.ഡി.എം.എയും കടത്തുന്നുണ്ട്. എക്സൈസ് വല വിരിക്കുന്തോറും ലഹരി കടത്തിന് പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചാണ് മാഫിയയുടെ പ്രവർത്തനം.
കഞ്ചാവ് കടത്തും വിൽപനയുമാണ് ജില്ല കേന്ദ്രീകരിച്ച് ഏറ്റവും കൂടുതൽ നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തൊടുപുഴയിൽ നിർത്തിയിട്ട കാറിൽനിന്ന് 43 കിലോയോളം കഞ്ചാവ് പിടിയിലായിരുന്നു. ജൂലൈയിൽ തൊടുപുഴയിൽതന്നെ 35 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.
തുടർന്ന്, കഞ്ചാവ് കടത്തുന്ന വൻ സംഘം തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. എക്സൈസ് വകുപ്പിന്‍റെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺവരെ ജില്ലയിൽ 58.02 കിലോ കഞ്ചാവ് പിടികൂടി.
ഇതിന് പുറമെ ഇതേ കാലയളവിൽ 4.804 ഗ്രാം എം.ഡി.എം.എയും 17.592 ഗ്രാം ഹഷീഷും 23.86 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട 235 കേസുകളാണ് ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്തത്. പ്രതികളിൽനിന്ന് 26,930 രൂപയും പിടികൂടിയിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും വർധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് തമിഴ്നാട് വഴി ഇടുക്കിയിലെത്തിച്ച ശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയതോടെ പലയിടത്തുനിന്നും കഞ്ചാവുമായി യുവാക്കളടക്കം പിടിയിലായി.
തൊടുപുഴയിലെത്തിച്ച ശേഷം വിവിധ ജില്ലകളിലേക്ക് കൊണ്ടുപോകുന്ന രീതിയാണ് ലഹരി കടത്തുസംഘങ്ങൾ സ്വീകരിക്കുന്നതെന്ന് 35 കിലോ കഞ്ചാവുമായി പിടിയിലായ പ്രതി വെളിപ്പെടുത്തിയിരുന്നു. ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലേറെയും വർഷങ്ങളായി ഈ രംഗത്ത് തുടരുന്നവരും ഒന്നിലധികം തവണ കേസിൽ പ്രതികളായവരുമാണ്. ഇവർക്ക് സഹായം നൽകാൻ അതത് സ്ഥലങ്ങളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായും വിവരമുണ്ട്.
തോക്കും കഞ്ചാവുമായി യുവാവ് പിടിയിൽ
മുട്ടം: തോക്കും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. വെങ്ങല്ലൂർ ഇടത്തിപ്പറമ്പിൽ അജ്മലിൽനിന്നാണ് (25) 1.100 കിലോ കഞ്ചാവും എയർ പിസ്റ്റളും പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ബൈക്കും ചെറിയ ഡിജിറ്റൽ ത്രാസും കഞ്ചാവ് ചൂടാക്കി വലിക്കാനുപയോഗിക്കുന്ന കുഴലും കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വാഹനത്തിലെത്തിച്ച് പൊതികളാക്കി വിൽപന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അജ്മലിനെതിരെ വിവിധ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ മാസം മ്രാല ഭാഗത്തെ വീട്ടിൽ അതിക്രമിച്ചുകയറി പേർഷ്യൻ പൂച്ചയെ കവർന്ന കേസിലെ ഒന്നാം പ്രതിയുമാണ് അജ്മൽ. ഈ കേസിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
ഓണത്തോടനുബന്ധിച്ച് ഡി.ഐ.ജിയുടെ നിർദേശപ്രകാരമുള്ള സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അരുവിക്കുത്ത് വെള്ളച്ചാട്ടം പരിസരത്ത് സ്ഥിരം കഞ്ചാവ് മാഫിയ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശം ഏതാനും നാളുകളായി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. മുട്ടം എസ്.ഐ വി.എ. അസീസ്, എ.എസ്.ഐമാരായ ടി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ സിനാജ്, മാഹിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

