തച്ചനാട്ടുകരയിൽ ലഹരിവേട്ട: 190 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
text_fieldsതച്ചനാട്ടുകര: എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് ശേഖരവും ഹാഷിഷും പിടികൂടി. 190 കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ തച്ചനാട്ടുകര പാലോട് ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ചെറിയ പ്ലാസ്റ്റിക് പാക്കുകളാക്കിയ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാർ പൂട്ടിയ നിലയിലായിരുന്നു. സംഘത്തിൽ ഉൾപ്പെട്ടതെന്ന് കരുതുന്ന പുതുമനക്കുളമ്പ് സ്വദേശിയായ യുവാവിെൻറ വീട്ടിൽനിന്ന് 357 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയതായി എക്സൈസ് സംഘം അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും മണ്ണാർക്കാട് എക്സൈസ് ഇൻസ്പെക്ടർ എസ്. ബാലഗോപാലൻ പറഞ്ഞു.
മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, തൃശൂർ ഇൻറലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ മനോജ്കുമാർ, എക്സൈസ് മലപ്പുറം പ്രിവൻറിവ് ഓഫിസർ ഡി. ഫ്രാൻസിസ്, മണ്ണാർക്കാട് പ്രിവൻറിവ് ഓഫിസർ വി.വി. രമേശ്, മലപ്പുറം കമീഷണർ സ്ക്വാഡ് അംഗം അസി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലഹരി മാഫിയക്കെതിരെ നടപടിവേണമെന്ന്
തച്ചനാട്ടുകര: പാലോട് കാറിൽനിന്ന് കഞ്ചാവുശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് പരിശോധനകൾ ഉൗർജിതമാക്കണമെന്ന് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. സലീം ആവശ്യപ്പെട്ടു.
ലഹരി മാഫിയക്കെതിരെ നടപടി വേണം–എ.ഐ.വൈ.എഫ്
തച്ചനാട്ടുകര: പഞ്ചായത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് തച്ചനാട്ടുകര മേഖല കമ്മിറ്റി. മേഖല പ്രസിഡൻറ് എം. രതീഷ് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി സി. ജയൻ, മേഖല സെക്രട്ടറി സി. ചന്ദ്രബോസ്, നേതാക്കളായ മനു പ്രശാന്ത്, ശ്രീനിവാസൻ കെ. വാസു ഫരീദ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.