പൂച്ചാക്കൽ മയക്കുമരുന്ന് വേട്ട: ഒരാൾകൂടി അറസ്റ്റിൽ
text_fieldsഷിൻസ്
പൂച്ചാക്കൽ: പൂച്ചാക്കലിലെ മയക്കുമരുന്ന് വേട്ടയിൽ ഒരാൾകൂടി അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് വള്ളനാട് പാറയ്ക്കൽ വീട് ഷിൻസാണ് (23) അറസ്റ്റിലായത്. സിന്തറ്റിക്ഡ്രഗ് ഇനത്തിൽപെട്ട മെഥിലിൻഡയോക്സി മെത്താംഫിറ്റമിൻ (എം.ഡി.എം.എ) മയക്കുമരുന്നുമായി എറണാകുളം സ്വദേശി ലിജുവിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.
മാരകശേഷിയുള്ള മയക്കുമരുന്ന് 140 ഗ്രാം ഇയാളിൽനിന്ന് കണ്ടെടുത്തു. ജില്ലയിൽ പിടികൂടിയതിൽ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു ഇത്. ഈ കേസിൽ മയക്കുമരുന്ന് ഇയാൾക്ക് എത്തിച്ചുനൽകിയവരെയും അതിന് കൂട്ടുനിന്നവരെയും കണ്ടെത്തുന്നതിന് പ്രത്യേക സ്വകാഡ് ജില്ല ഡാൻസാഫിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ചിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിെൻറ നേതൃത്വത്തിലെ ഡാൻസാഫ് ടീമും ചേർത്തല ഡിവൈ.എസ്.പി വിജയെൻറ നേതൃത്വത്തിലെ പൂച്ചാക്കൽ പൊലീസും അടങ്ങിയ പ്രത്യേകസംഘം ബംഗളൂരുവിൽനിന്നാണ് ഷിൻസിനെ പിടികൂടിയത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ എം.ഡി.എം.എ തരപ്പെടുത്തിക്കൊടുക്കുന്നതിൽ ഇയാൾ മുഖ്യ ഇടനിലക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം ഹോസ്റ്റലുകളിൽ മലയാളി വിദ്യാർഥികൾക്ക് എം.ഡി.എം.എ എത്തിച്ചുകൊടുത്ത് കമീഷൻ വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്.ഐമാരായ ജേക്കബ്, എ.എസ്.ഐ സാജൻ, ഉദയൻ, ബിജോയ്, ടെൻസൺ, ഡാൻസാഫ് എ.എസ്.ഐ ജാക്സൺ, സി.പി.ഒമാരായ എബി തോമസ്, ഹരികൃഷ്ണൻ, ജിതിൻ, അബിൻകുമാർ എന്നിവർ നേതൃത്വം നൽകി.