പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങള്
text_fieldsപിടിയിലായ കമറുദ്ദീൻ
പെരുമ്പാവൂര്‍: പൊലീസ് നടത്തിയ വന്‍ ലഹരിവേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടില്‍ കമറുദ്ദീനെ (54) അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന് ക്ലീന്‍’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മൂന്ന് കോടി രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. മുടിക്കല്‍ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണില്‍ ചാക്കില്‍ അട്ടിയിട്ട നിലയിലാണ് സൂക്ഷിച്ചിരുന്നത്.
കുറച്ചുനാളായി ഗോഡൗണ്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശ രാജ്യങ്ങളില്‍ വില്‍ക്കുന്ന സിഗരറ്റുകള്‍, കാശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വില്‍ക്കുന്ന സിഗരറ്റുകള്‍, ഹാന്‍സ്, പാന്‍പരാഗ്, മറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് അടക്കമുള്ള വസ്തുക്കളാണ് ചാക്കിലുണ്ടായിരുന്നത്. ബംഗളൂരുവില്‍ നിന്ന് ലോറിയില്‍ ഗോഡൗണില്‍ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അന്തര്‍ സംസ്ഥാനങ്ങളിലേക്കും ഏജന്റുമാര്‍ വഴി വില്പന നടത്തി വരികയായിരുന്നു. കമറുദ്ദീനാണ് ഗോഡൗണ്‍ നടത്തിയിരുന്നത്.
ആലുവ ചാലക്കല്‍ ഭാഗത്ത് വാടകക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇയാള്‍. സഹായികളായി അന്തര്‍ സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. ഈ വീട്ടില്‍ നിന്ന് പണം എണ്ണുന്ന മെഷീനും 1,12000 രൂപയും പൊലീസ് കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഡാന്‍സാഫ് ടീം, എ.എസ്.പി ശക്തിസിങ് ആര്യ, നർകോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.പി. ഷംസ്, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, എസ്.ഐമാരായ റിന്‍സ് എം. തോമസ്, പി.എം. റാസിഖ്, എല്‍ദോസ് കുര്യാക്കോസ്, എ.എസ്.ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, രതി, സീനിയര്‍ സി.പി.ഒമാരായ ടി.എ. അഫ്സല്, വര്‍ഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, സിബിന് സണ്ണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

