പൊലീസിനെ വെട്ടിച്ച് കടന്ന ലഹരിസംഘത്തലവൻ പിടിയിൽ
text_fieldsമുഹമ്മദ് അസ്ജർ
കഠിനംകുളം: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട എം.ഡി.എം.എ കേസിലെ പ്രതിയും ലഹരിസംഘത്തലവനുമായ പ്രതിയെ വീട് വളഞ്ഞ് പിടികൂടി. കഠിനംകുളം ചേരമാൻതുരുത്ത് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് അസ്ജറിനെയാണ് (36) വ്യാഴാഴ്ച ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. ജൂലൈ 21നായിരുന്നു വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87ഗ്രാം എം.ഡി.എം.എയുമായി അസ്ജറിനെ ഡാൻസാഫ് സംഘം പിടികൂടിയത്. ജീപ്പിൽ കയറ്റുന്നതിനിടെ അസ്ജർ പൊലീസിനെ വെട്ടിച്ച് വീടിന്റെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്ക്വാഡ്, ഡ്രോൺ കാമറ ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
രക്ഷപെട്ട പ്രതി വെഞ്ഞാറമൂട് എത്തി അവിടെനിന്ന് കോഴിക്കോട് കൊടുവള്ളി ഭാഗത്ത് രണ്ട് ദിവസം തങ്ങിയശേഷം ഡൽഹിയിലേക്ക് കടന്നു. നേരത്തെ ലഹരിക്കടത്ത് കേസിൽ തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചയാളുടെ സഹായത്തോടെയാണ് ഡൽഹിയിലെത്തിയതെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം നേരെ അവിടേക്ക് തിരിച്ചു. അന്വേഷണ സംഘം ഡൽഹിയിലെത്തുമെന്ന സംശയത്തിൽ നാട്ടിലേക്ക് മടങ്ങിയ പ്രതി ബന്ധുക്കളുടെ സഹായത്തോടെ രഹസ്യസങ്കേതത്തിലേക്ക് മാറി. ബുധനാഴ്ച വൈകീട്ടോടെ അസ്ജർ വീട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വൻ പൊലീസ് സംഘം വീട് വളഞ്ഞാണ് പിടികൂടിയത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി എ. അജിചന്ദ്രൻ നായർ, നർക്കോട്ടിക്ക് ഡിവൈ.എസ്.പി റോബർട്ട് ജോണി എന്നിവരുടെ നേതൃത്വത്തിൽ കഠിനംകുളം എസ്.ഐ അനൂപ്, ഡാൻസാഫ് എസ്.ഐമാരായ എഫ്. ഫയാസ്, ബി. ദിലീപ്, എ.എസ്.ഐ ദിനോർ, സി.പി.ഒമാരായ റിയാസ്, ബിനു, ലിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കഠിനംകുളം പൊലീസിന് കൈമാറിയ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതിയെ വീട്ടിലെത്തിച്ചപ്പോൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയ മാധ്യമ പ്രവർത്തകരെ ഒരു സംഘം ഭീഷണിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

