പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കടന്നുകളഞ്ഞ ലഹരിസംഘം പിടിയിൽ
text_fieldsപ്രതുൽ കൃഷ്ണ, സുമേഷ്
കോട്ടയം: ലഹരിക്കടത്ത് പിടികൂടാൻ ശ്രമിച്ച എസ്.ഐയെ കാറിടിപ്പിച്ച് കടന്നുകളഞ്ഞ ലഹരിസംഘത്തെ കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം കറുകച്ചാലിൽനിന്ന് പിടികൂടി. പാലക്കാട് വടക്കഞ്ചേരി കണ്ണപ്ര പൂളക്കൽപറമ്പിൽ പ്രതുൽ കൃഷ്ണ (19), കറുകച്ചാൽ കറ്റുവെട്ടി കോളനിയിൽ മുതിരമാലച്ചവരാമക്കൽ സുമേഷ് (25) എന്നിവരാണ് പിടിയിലായത്. ലഹരിവസ്തുക്കൾ പിടികൂടാനുള്ള ശ്രമത്തിനിടെ പാലക്കാട് വടക്കഞ്ചേരി എ.എസ്.ഐ ഉവൈസ്, സി.പി.ഒ ലൈജു എന്നിവരെ കാറിടിപ്പിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ ലഹരിസംഘത്തെ ഡാൻസാഫ് ടീം കറുകച്ചാലിൽനിന്നാണ് സാഹസികമായി പിടികൂടിയത്.
അപകടത്തിൽ ഉവൈസിന്റെ കാലിന് സാരമായി പരിക്കേറ്റു. ലൈജുവിനും പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി എട്ടോടെ ദേശീയപാത ചെമ്മണാകുന്നിൽ െവച്ചായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ വാഹനം കോട്ടയം ജില്ലയിലേക്ക് കടന്നതായി ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം കറുകച്ചാൽ ഭാഗത്ത് നിരീക്ഷണം നടത്തിവരവേ, കറുകച്ചാൽ കറ്റുവെട്ടിയിൽ ലയൺസ് ക്ലബ് റോഡിൽ വാഹനം തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ വാഹനത്തിലെ ഡാഷ് ബോർഡിൽനിന്ന് 60 ഗ്രാം കഞ്ചാവും മൂന്ന് ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

