ലഹരിമരുന്ന് കേസ് പ്രതിയുടെ അക്രമം; രണ്ടുപൊലീസുകാർക്ക് പരിക്ക്
text_fieldsശംഷാദ്
കണ്ണൂർ:ലഹരിമരുന്ന് കേസിൽ ഒളിവിലായ പ്രതിയുടെ അക്രമത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ, എ.എസ്.ഐ രഞജിത്ത് എന്നിവർക്ക് പരിക്കേറ്റു
ബുധനാഴ്ച രാവിലെ 11.30ഓടെ പുതിയതെരു മാർക്കറ്റിലാണ് സംഭവം. അതിമാരകലഹരി മരുന്നായ എം.ഡി.എം.എയും ഹഷീഷ് ഓയിലും കടത്തിയ കേസിൽ ഒളിവിലായ ചാലിൽ ലക്ഷംവീട് കോളനി പൊന്നംകൈ കാരക്കല്ലി ഹൗസിൽ ശംഷാദാണ് (29) പൊലീസിനെ ആക്രമിച്ചത്.
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയും ഹഷീഷ് ഓയിലും എത്തിച്ച് ഗുഡ്സ് ഓട്ടോയിൽ കടത്തുന്നതിനിടെ ഡ്രൈവർ പിടിയിലായ കേസിൽ പ്രധാന പ്രതിയായ ശംഷാദ് ഒളിവിലായിരുന്നു.
പൂവിൽപനക്കായി ഇയാൾ പുതിയതെരു മാർക്കറ്റിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. മാർക്കറ്റിൽനിന്ന് ഇയാളെ പിടികൂടുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിനെ ആക്രമിച്ചത്. കൈവിരലുകൾക്ക് പരിക്കേറ്റ ബിനു മോഹൻ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും വളപട്ടണം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

