കൊല്ലം സിറ്റി പൊലീസ് പരിധിയിൽ വൻലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
text_fieldsവിഷ്ണുലാൽ
കൊല്ലം: മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുടെ വൻശേഖരവുമായി യുവാവ് കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായി. കൊല്ലം പട്ടത്താനം മൈത്രി നഗർ 23 ശാന്ത ഭവനത്തിൽ വിഷ്ണുലാൽ (32) ആണ് പിടിയിലായത്. കൊറിയർ വഴി ലഹരി വ്യാപാരം നടക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന വിഷ്ണുലാൽ ഇൻഡോറിൽനിന്ന് കൊല്ലം ഓലയിൽ കടവിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പാഴ്സൽ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. സംസ്ഥാനാന്തര സർവിസ് നടത്തുന്ന ബസിൽ കൊല്ലം കടപ്പാക്കടയിലെത്തിയ ഇയാളെ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടി.
അതേസമയം ഓലയിൽ കടവിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്തിന്റെ വീട്ടിൽ എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പരിശോധന നടത്തിയതിൽ പാഴ്സൽ വന്നതായി കണ്ടെത്തുകയും തുടർന്ന് 101.07 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തു. എസ്.ഐമാരായ മിഥുൻ, കണ്ണൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

