യാത്രാമധ്യേ രക്ഷപ്പെടാൻ ദൃശ്യ വധക്കേസ് പ്രതിയുടെ ശ്രമം; നാട്ടുകാർ വിഫലമാക്കി
text_fieldsജയിൽ വാഹനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് വിനോദിനെ
പൊലീസ് പിടികൂടിയപ്പോൾ
പയ്യോളി: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് വിനോദ് ജയിൽ വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് നാട്ടുകാർ വിഫലമാക്കി. ദേശീയപാതയിൽ പയ്യോളി ടൗണിന് വടക്കുഭാഗത്തെ സ്വകാര്യ ഹോട്ടലിനു മുൻവശമാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മഞ്ചേരി സ്പെഷൽ സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രമധ്യേ പ്രതിക്ക് മൂത്രമൊഴിക്കാൻ വേണ്ടി റോഡരികിൽ വാഹനം നിർത്തിയ സന്ദർഭത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സമീപത്തെ റെയിൽവേ ഗേറ്റും കടന്ന് പയ്യോളി മീൻപെരിയ റോഡിലെത്തി.
റോഡിനു സമീപം നിർത്തിയ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യാത്രക്കാരെ ആക്രമിച്ച് പ്രതി അതേ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന യുവാവിെൻറ ചെറുത്തുനിൽപ്പിൽ ശ്രമം വിഫലമാവുകയായിരുന്നു . തുടർന്ന് പൊലീസെത്തി പ്രതിയെ ജയിൽ വാഹനത്തിലേക്ക് കയറ്റി.
പയ്യോളി തടിയൻ പറമ്പിൽ നൗഷാദാണ് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം തടഞ്ഞത്. ജൂൺ 17 നാണ് പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 21 കാരിയായ ഒറ്റപ്പാലം നെഹ്റു കോളജ് എൽ.എൽ.ബി. മൂന്നാം വർഷ വിദ്യാർഥിനിയായ ദൃശ്യയെ പ്രതി വിനീഷ് വിനോദ് കൊലപ്പെടുത്തിയത്.