പൊലീസിനെ പേടിപ്പിക്കാൻ ആത്മഹത്യാ നാടകം; പിന്നാലെ കുടുങ്ങിയത് വൻ മോഷണം; ഹൈദരാബാദിൽ വീട്ടുജോലിക്കാരിയും ഭർത്താവും പിടിയിൽ
text_fieldsസ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ദമ്പതികൾ
ഹൈദരാബാദ്: പൊലീസിനെ ഭയപ്പെടുത്താൻ മനുഷ്യാവകാശ കമീഷന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ വീട്ടുജോലിക്കാരി ഒടുവിൽ വൻ സ്വർണ്ണ മോഷണക്കേസിൽ പിടിയിലായി. ഡൊമൽഗുഡ സ്വദേശിനി വെമുല ശ്രീവാണി (29), ഭർത്താവ് ശീലം ചന്ദ്രകാന്ത് (37) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ഫ്ലാറ്റുകളിൽ നിന്നായി ഏഴര പവനിലധികം സ്വർണ്ണാഭരണങ്ങളാണ് ഇവർ മോഷ്ടിച്ചത്.
കഴിഞ്ഞ ഏപ്രിൽ ഏഴിന് നാമ്പള്ളിയിലെ മനുഷ്യാവകാശ കമീഷൻ ഓഫിസിന് മുന്നിൽ വെച്ച് ശ്രീവാണി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പൊലീസ് തന്നെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ശരീരത്തിൽ തീ കൊളുത്താൻ ശ്രമിച്ചത്. എന്നാൽ, മോഷണക്കേസിലെ പൊലീസ് അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാനായി ഇവർ മനഃപൂർവം നടത്തിയ നാടകമായിരുന്നു ഇതെന്നാണ് പൊലീസിന്റെ നിഗമനം.
കവാഡിഗുഡയിലെ നെക്ലേസ് പ്രൈഡ് അപ്പാർട്ട്‌മെന്റിൽ വീട്ടുജോലി ചെയ്തിരുന്ന ശ്രീവാണി, ഫെബ്രുവരി അവസാന വാരം മുതൽ മാർച്ചിലെ ആദ്യ വാരം വരെയുള്ള കാലയളവിലാണ് ആദ്യ മോഷണം നടത്തിയത്. ഇവിടെനിന്ന് വജ്രമോതിരം, സ്വർണ്ണ വള, കമ്മലുകൾ എന്നിവയുൾപ്പടെ മൂന്നര പവനിലധികം സ്വർണ്ണം ഇവർ കവർന്നു. ഡൊമൽഗുഡയിലെ ഒരു ജ്വല്ലറിയിൽ ഇവ വിൽക്കുകയും ചെയ്തു.
തുടർന്ന് മറ്റൊരു ഫ്ലാറ്റിൽനിന്ന് നാല് പവനിലധികം വരുന്ന സ്വർണ്ണമാലയും ഇവർ മോഷ്ടിച്ചു. ഇതിൽ ഒരു ചെറിയ മാല സ്വന്തമായി ധരിക്കാനായി മാറ്റിവെച്ച ശേഷം ബാക്കിയുള്ളവ ജ്വല്ലറിയിൽ വിറ്റു. മൂന്ന് മോഷണക്കേസുകളിലായി പ്രതികളിൽ നിന്ന് ഏകദേശം ഏഴ് പവനിലധികം സ്വർണ്ണം പൊലീസ് വീണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

