ഇരട്ട കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിനതടവും
text_fieldsഷഫീഖ്
തൃശൂർ: വാടാനപ്പള്ളിയെ ഞെട്ടിച്ച ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പുറമെ മൂന്ന് കൊല്ലം കഠിനതടവും 1.60 ലക്ഷം രൂപ പിഴയും വിധിച്ചു. തളിക്കുളം എടശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടിൽ ഷഫീഖിനെയാണ് (32) തൃശൂർ ജില്ല അഡിഷനൽ ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. 2019 ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിനെയും മാതൃ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുകയും മാതാവിനെ വടി കൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തതാണ് കേസ്. ഭാര്യയോടൊത്ത് മാറി താമസിച്ചിരുന്ന ഷഫീഖ് സംഭവ ദിവസം പിതൃഗൃഹത്തിലെത്തി സ്വത്ത് തർക്കം ഉണ്ടാക്കി രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു. ഇത് തടയാൻ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പിതാവ് ജമാലുദ്ദീനെയും മാതാവ് ഫാത്തിമയെയും മകനായ ഷഫീഖ് അതി ക്രൂരമായി മർദിച്ചു. പിതാവിനെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി തീയിലേക്ക് വലിച്ചിട്ടു.
ഇതുകണ്ട് മാതാവ് ബോധരഹിതയായി. നിലവിളി കേട്ട് ഓടി വന്ന് തടഞ്ഞ മാതാവിന്റെ സഹോദരി കദീജയെയും മർദിച്ചും കല്ലു കൊണ്ടിടിച്ചും കൊലപ്പെടുത്തി. പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞു വരികയായിരുന്ന ആളുകളാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞ് വെച്ച് പൊലീസിലേൽപ്പിച്ചത്. വാടാനപ്പിള്ളി സി.ഐ ആയിരുന്ന കെ.ആർ. ബിജുവാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.
ഷഫീഖിന് ജാമ്യം അനുവദിക്കാതെ വിചാരണ നടത്തിയ കേസിൽ പ്രതിക്ക് മാനസിക അസുഖമുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. ഇതിനായി ഒമ്പത് സാക്ഷികളെ വിസ്തരിച്ചെങ്കിലും ഷഫീഖ് വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത ചെയ്ത പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ബി. സുനിൽകുമാർ, ലിജി മധു എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

