ഇരട്ടക്കൊല: ഞെട്ടിക്കുന്ന ക്രൂരത വിവരിച്ച് പ്രതി
text_fieldsപ്രതി സജിയെ പീരുമേട് ജയിലിലേക്ക് കൊണ്ടുപോകുന്നു
നെടുങ്കണ്ടം (ഇടുക്കി): പച്ചടിയില്‍ രോഗിയായ മാതാവിനെയും ജ്യേഷ്ഠസഹോദരനെയും പ്രതി കൊലപ്പെടുത്തിയത് മദ്യലഹരിയില്‍ അതിക്രൂരമായി. മാതാവിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞും ജ്യേഷ്ഠനെ മര്‍ദിച്ച് കഴുത്തില്‍ തോര്‍ത്ത് മുറുക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തോട്ടുവാക്കട പൊന്നൂട്ടിൽ മേരി (71), മകൻ റെജി (54) എന്നിവരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ മേരിയുടെ ഇളയ മകൻ സജിയെ (43) നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് പിരുമേട് ജയിലിലേക്ക് അയച്ചു. അമ്മയുടെ മുഖത്തടിച്ച ശേഷം കൈയിൽ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിയുകയായിരുന്നു.
മുഖത്ത് പലവട്ടം ഇടിച്ചതിനെ തുടർന്ന് അമ്മയുടെ മുഖത്തുനിന്ന് രക്തം വന്നതായും സജി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. റെജി നിലത്ത് വീണപ്പോള്‍ കഴുത്തില്‍ ചവിട്ടി ഞെരിച്ചു. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷം മൃതദേഹങ്ങള്‍ കട്ടിലിനടിയില്‍ വെച്ച് ആ കട്ടിലില്‍ സജി കിടന്നുറങ്ങി. പിറ്റേ ദിവസം മൃതദേഹങ്ങൾ ഗ്രീന്‍ നെറ്റിൽ പൊതിഞ്ഞ് വെളിയില്‍ വെച്ച ശേഷം പ്രതി ജോലിക്ക് പോയതായി പൊലീസ് പറഞ്ഞു. മൂന്നാം നാള് അർധരാത്രി കുഴിയെടുത്ത് ആദ്യം അമ്മയുടെയും തുടർന്ന് ജ്യേഷ്ഠന്റെയും മൃതദേഹം മൂടി. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ കുഴിയില്‍ കുമ്മായം വിതറി. മുറിക്കകത്തെ രക്തം ലോഷന്‍ ഉപയോഗിച്ച് കഴുകി. ഈ മാസം നാലിന് കൃത്യം നടത്തിയെന്നാണ് സജിയുടെ മൊഴി. മൃതദേഹങ്ങള്‍ക്ക് 17 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അമ്മയെയും സഹോദരനെയും കാണാതായെന്ന് സഹോദരി പരാതി കൊടുത്തതിനാൽ ചൊവ്വാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച രാവിലെ വരെ സജിയെ പൊലീസ് പല തവണ ചോദ്യം ചെയ്തു. ഇതിനിടെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പും നടത്തി. എന്നാൽ, പ്രതിക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. 2018 ല്‍ പിതാവ് മാത്യൂവിനെ കാണാതായ സംഭവത്തിലും തുടരന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ കോടതിയില്‍ അപേക്ഷ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

