ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; വൈക്കം താലൂക്ക് ആശുപത്രിയിലെ വാതിലുകളും വീൽചെയറുകളും തകർത്തു
text_fieldsവൈക്കം താലൂക്ക് ആശുപത്രിയിലെ വീൽചെയർ അക്രമികൾ തകർത്തനിലയിൽ
വൈക്കം: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം നിരത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലും അടിപിടിക്കിടയാക്കി. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ തോട്ടകം ഷാപ്പിന് സമീപമാണ് സംഘർഷത്തിന്റെ തുടക്കം. ഇരുമ്പൂഴിക്കര സ്വദേശി വിഷ്ണുവും സുഹൃത്തുക്കളും തലയാഴം, ടി.വി പുരം സ്വദേശികളായ യുവാക്കളുമായി മുൻവൈരാഗ്യത്തിന്റെ പേരിൽ അടിപിടി ഉണ്ടാകുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ വിഷ്ണുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ ഏഴോടെ പ്രവേശിപ്പിച്ചു. ഈ സമയം വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ആശുപത്രിയിലെ എത്തിയ ടി.വി പുരം, തലയാഴം നിവാസികളുൾപ്പെട്ട സംഘം വിഷ്ണുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുകളുമായി നടന്ന തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.
അക്രമികൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെയും ഒ.പി വിഭാഗത്തിലെ ഡോക്ടറുടെ കാബിനിലെയും വാതിലുകളും രണ്ട് വീൽചെയറുകളും നിരവധി ചെടിച്ചട്ടികളും തകർത്തു. അരമണിക്കൂറിലധികം ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടി.ടി.വി പുരം കണിച്ചേരി കോളനി നിവാസിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘത്തിലെ പലരും നിരവധി കേസുകളിൽ പ്രതികളാണെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

