തമിഴ്നാട്ടിൽ ഡി.എം.കെ പ്രവർത്തകനെതിരെ ലൈംഗികാതിക്രമ പരാതി; സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷം
text_fieldsവില്ലുപുരം: തമിഴ്‌നാട്ടിൽ ഡി.എം.കെ പ്രവർത്തകനെതിരെ ലൈംഗികാതിക്രമ പരാതി. വില്ലുപുരം ജില്ലയിലെ കൊട്ടകുപ്പത്തിലെ പൊലീസ് സ്റ്റേഷനിൽ 25കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.എം.കെ പ്രവർത്തകനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമം, ബ്ലാക്ക് മെയിൽ, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങളാണ് കുറ്റാരോപിതനെതിരെ ചുമത്തിയത്.
നവംബർ 19നാണ് ഡി.എം.കെ പ്രവർത്തകനായ തിരുക്കരൈ ഭാസ്കരനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന സ്ത്രീയുമായുള്ള അടുപ്പം ഭാസ്കരൻ ചൂഷണം ചെയ്തു എന്ന് എഫ്.ഐ.ആറിൽ പറയുന്നു. യുവതിയുടെ അയൽവാസിയും പ്രാദേശിക ഡി.എം.കെ പ്രവർത്തകനുമായ ഭാസ്കരൻ വീട് നിർമാണത്തിൽ സഹായം വാഗ്ദാനം ചെയ്ത് അവരിൽ നിന്ന് പണം വാങ്ങിയിരുന്നു.
പിന്നീട് പ്രതി ഫോണിലൂടെ നിരന്തരം തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് യുവതി പരാതിയിൽ പറയുന്നു. ഭാസ്കരന്‍റെ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോഴാണ് ഭീഷണി ആരംഭിച്ചതെന്നും യുവതി പറഞ്ഞു. പ്രതി പരാതിക്കാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്നും ഭീഷണിയുണ്ടായിരുന്നതായി യുവതി വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വകുപ്പുകൾ കൂടി ചുമത്താൻ സാധ്യതയുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആരോപണങ്ങളിൽ ഡി.എം.കെ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ, ഡി.എം.കെ ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ രംഗത്തെത്തി. ഇത്തരം പ്രവർത്തനങ്ങളെല്ലാം ഡി.എം.കെ സർക്കാറിന്റെ സംരക്ഷണയിലാണ് നടക്കുന്നതെന്ന് എക്‌സ് പോസ്റ്റിൽ അണ്ണാമലൈ ആരോപിച്ചു. വിഷയത്തിൽ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയും സർക്കാറിനെ വിമർശിച്ചു. ഭാസ്കരനെപ്പോലുള്ള വ്യക്തികൾക്ക് നിയമത്തെ ഭയപ്പെടാതെ സ്ത്രീകളെ ആക്രമിക്കാൻ കഴിയുന്നത് ഡി.എം.കെ അനുവദിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

