ഗൂഡല്ലൂരിൽ ഡി.എം.കെ പ്രവർത്തകനെ കുത്തിക്കൊന്നു
text_fieldsഗൂഡല്ലൂർ: ഡി.എം.കെ പ്രവർത്തകനെ എ.ഡി.എം.കെ പ്രവർത്തകൻ കുത്തിക്കൊന്നു. മറ്റൊരാളെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവർഷോല പഞ്ചായത്തിലെ പാടന്തറ കെണിയംവയലിലാണ് ഡി.എം.കെ പ്രവർത്തകനായ ശബീർ(38) ചൊവ്വാഴ്ച രാത്രി ഏഴരയോടെ കുത്തേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി സംജിത്തിന്റെ ഭർത്താവ് നൗഷാദിനെ പൊലീസ് തിരയുന്നു. ഇയാൾ ഒളിവിലാണ്. കുത്തേറ്റ അക്ബറലി എന്ന യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എ.ഡി.എം.കെ സ്ഥാനാർഥിയായി മത്സരിച്ച നൗഷാദിന്റെ ഭാര്യ പൂവിയെന്ന സംജിത്ത് പരാജയപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ കളിയാക്കലും മറ്റുമാണ് കത്തിക്കുത്തിൽ കലാശിച്ചത്.