ദിവ്യശ്രീ വധം: ഭർത്താവിന് മൂന്ന് ജീവപര്യന്തം
text_fieldsകൊല്ലപ്പെട്ട ദിവ്യശ്രീ, പ്രതി രാജേഷ്.
തലശ്ശേരി: കാസർകോട് ചന്തേര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കരിവെള്ളൂർ പലിയേരികൊവ്വൽ ‘സൗഭാഗ്യ’യിൽ പി. ദിവ്യശ്രീ (38)യെ വെട്ടിക്കൊല്ലുകയും തടയാൻ ശ്രമിച്ച പിതാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും. ദിവ്യശ്രീയുടെ ഭർത്താവ് പയ്യന്നൂർ കൊഴുമ്മൽ കോട്ടൂൽ പെരളത്തെ കുന്നുമ്മൽ ഹൗസിൽ കെ. രാജേഷിനെ (43)യാണ് ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ബുധനാഴ്ച കണ്ടെത്തിയിരുന്നു. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവനുഭവിക്കണം. കൊലപാതകം, വധശ്രമം, കൊലപാതകം നടത്തുന്നതിനായി വീട്ടിൽ അതിക്രമിച്ചുകയറൽ, കൊല നടത്തിയ ശേഷം തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 2024 നവംബർ 21ന് വൈകീട്ട് 5.30ന് വീട്ടുമുറ്റത്താണ് ദിവ്യശ്രീയെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ചപ്പോൾ പിതാവ് കെ. വാസുവിന് വെട്ടേറ്റു. പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി. ശ്രീഹരിയാണ് കേസന്വേഷിച്ചത്. 92 സാക്ഷികളിൽ 62 പേരെ വിസ്തരിച്ചു. 102 രേഖകളും 51 തൊണ്ടിമുതലുകളും പരിശോധിച്ചു. പരാതി നൽകിയ അയൽവാസി ശശിമോഹൻ, പിതാവ് കെ. വാസു, സഹോദരി പ്രവിദ, പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ടി.എം. പ്രജിത്ത്, അന്വേഷണ ഉദ്യാഗസ്ഥൻ ഉൾപ്പെടെയുള്ളവരെ വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

