ഓസ്ട്രിയയിലെ മുഴുവനാളുകളുടെയും വ്യക്തിവിവരങ്ങൾ ചോർത്തി വിറ്റ് ഡിജിറ്റൽ ഹാക്കർ
text_fieldsവിയന്ന: യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലെ മുഴുവനാളുകളുടെയും വ്യക്തിഗത വിവരങ്ങൾ വിർച്വൽ വേൾഡിൽ പോസ്റ്റ് ചെയ്ത് ഡിജിറ്റൽ ഹാക്കർ. 25-കാരനായ ഡച്ച് സൈബർ കുറ്റവാളിയാണ് വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് വിൽപ്പനക്ക് വെക്കുകയും ചെയ്തത്. ഇയാളെ നവംബറിൽ പിടികൂടിയിരുന്നു.
2020 മേയ് മാസത്തിൽ ഒരു ഓൺലൈൻ ഫോറത്തിലാണ് ഹാക്കർ വിവരങ്ങൾ വിൽപ്പനയ്‌ക്കായി വെച്ചത്. ഇതിൽ ഓസ്ട്രിയയിലെ ആളുകളുടെ മുഴുവൻ പേര്, ലിംഗഭേദം, പൂർണ്ണ വിലാസം, ജനനത്തീയതി എന്നിവയൊക്കെ നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം ഒമ്പത് ദശലക്ഷം വ്യത്യസ്ത ഡാറ്റാ സെറ്റുകൾ ഉണ്ടായിരുന്നു. തങ്ങളുടെ പക്കൽ അധിക വിവരങ്ങളൊന്നും ഇല്ലെന്നും ഇറ്റലി, നെതർലാൻഡ്‌സ്, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള സമാന ഡാറ്റാ സെറ്റുകൾ ഹാക്കർ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും ഓസ്ട്രിയൻ പൊലീസ് പറഞ്ഞു.
ഈ ഡാറ്റ ഇൻറർനെറ്റിൽ സൗജന്യമായി ലഭ്യമായിരുന്നതിനാൽ പൂർണ്ണമായോ ഭാഗികമായോ തിരിച്ചെടുക്കാനാവാത്തവിധം കുറ്റവാളികളുടെ കൈകളിലാണെന്ന് അനുമാനത്തിലാണ് പൊലീസ്.
ആംസ്റ്റർഡാം അപ്പാർട്ട്‌മെന്റിൽ വെച്ച് അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഓസ്ട്രിയൻ പൊലീസ് പറഞ്ഞു. ഡാറ്റ ചോർച്ചയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പൊലീസ് വിശദീകരിച്ചിട്ടില്ല.