‘ചെങ്കോട്ട സ്ഫോടനത്തിന് പണം നൽകി’; ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിലാക്കി 30 ലക്ഷം തട്ടി
text_fieldsന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പണം നൽകിയെന്ന് ആരോപിച്ച് വയോധിക ദമ്പതികളെ ഏഴുദിവസം നീണ്ട ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് 30 ലക്ഷം രൂപ തട്ടി. ഡൽഹി ദ്വാരകയിൽ 74കാരനും ഭാര്യയുമാണ് സൈബർ തട്ടിപ്പിനിരയായത്.
വിരമിച്ച റെയിൽവേ ജീവനക്കാരനായ ഇയാൾക്ക് കഴിഞ്ഞ വർഷം നവംബർ 23ന് വൈകീട്ട് നാലോടെയാണ് ഫോൺ കോൾ ലഭിച്ചത്. എൻ.ഐ.എ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാൾ ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾക്ക് ഇയാൾ പണം നൽകിയെന്നും ബാങ്ക് അക്കൗണ്ട് ഭീകരർക്ക് പണം നൽകാൻ ഉപയോഗിച്ചെന്നും ആരോപിക്കുകയായിരുന്നു. നവംബർ 10ന് ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിന് പിന്നാലെ ഫോൺ വന്നതിനാൽ വയോധികൻ ഭയപ്പെട്ടതായി പൊലീസിനോട് പറഞ്ഞു.
പിറ്റേന്ന് രണ്ട് പേർ വീഡിയോ കോളിൽ ബന്ധപ്പെട്ടു. ഒരാൾ എൻ.ഐ.എ ഉദ്യോഗസ്ഥനെന്നും മറ്റൊരാൾ എ.ടി.എസ് ഉദ്യോഗസ്ഥനെന്നും പരിചയപ്പെടുത്തി. ബാങ്ക് അക്കൗണ്ട് സ്ഫോടനക്കേസിലെ പ്രതി ഉമർ നബിയുമായും മറ്റുള്ളവരുമായും ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ ഇവർ സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് ദമ്പതികളെ ഫോൺ, വീഡിയോ കോൾ എന്നിവയിലൂടെ നിരന്തരം നിരീക്ഷിക്കുകയും ആരോടും സംസാരിക്കരുതെന്നും മക്കളെപ്പോലും വിവരം അറിയിക്കരുതെന്നും നിർദേശിച്ചു. വാട്സ്ആപ്പ് വഴി വ്യാജ കോൺഫിഡൻഷ്യാലിറ്റി എഗ്രിമെന്റ് അയച്ച് വയോധികനെ ഒപ്പിടുവിക്കുകയും ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, സ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പണത്തിന്റെ ഉറവിടം പരിശോധിക്കാനെന്ന പേരിൽ ആർ.ബി.ഐ അംഗീകരിച്ച അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിന് സ്ഥിരനിക്ഷേപം പിൻവലിച്ച് 30 ലക്ഷം രൂപ എടുത്ത വയോധികൻ 15 ലക്ഷം രൂപ ആർ.ടി.ജി.എസ് വഴി കൈമാറി. അടുത്ത ദിവസം മറ്റൊരു 15 ലക്ഷം രൂപയും നൽകി. തുടർന്ന് ആർ.ബി.ഐ യിൽനിന്നുള്ളതെന്ന പേരിൽ വ്യാജ വെരിഫിക്കേഷൻ ലെറ്ററും അയച്ചു. പിന്നീട് പ്രതികൾ ഫോൺ എടുക്കാതായതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.
പരാതിയെ തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഏകദേശം ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ ഒരു ആർ.ടി.ജി.എസ് ഇടപാട് ഹരിയാനയിലെ ഫതേഹാബാദ് സ്വദേശി സുനിൽ സിംഗ്ലയുടെ പേരിലുള്ള ‘ശ്രീ ബാലാജി ട്രാക്ടർ’ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. ആറിലധികം സൈബർ തട്ടിപ്പ് കേസുകളിലായി ഏകദേശം ഒരു കോടി രൂപയുടെ ഇടപാടുകൾ ഇയാളുടെ അക്കൗണ്ടിലൂടെ നടന്നതായി പൊലീസ് പറഞ്ഞു. മേയ് 11ന് സിംഗ്ലയെ അറസ്റ്റ് ചെയ്തു.
ഇതിനിടെ വയോധികൻ കൈമാറിയ 15 ലക്ഷം രൂപയുടെ ഒരു ഗഡു മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നത് തടഞ്ഞ പൊലീസ് 12 ലക്ഷം രൂപ വീണ്ടെടുത്ത് തിരികെ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

