ഡിജിറ്റൽ അറസ്റ്റ്; ബംഗളൂരുവിൽ വയോധികയിൽ നിന്ന് 24 കോടി രൂപ തട്ടിയെടുത്ത സംഘം പിടിയിൽ
text_fieldsബംഗളൂരു: ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികയിൽ നിന്ന് 24 കോടിയോളം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘം ബംഗളൂരുവിൽ പിടിയിൽ. കേന്ദ്ര അന്വേഷണ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ബംഗളൂരു സ്വദേശി ലക്ഷ്മി രാമമൂർത്തിയുടെ(74) കൈയ്യിൽ നിന്നും പ്രതികൾ പണം തട്ടിയെടുത്തത്. എൻ. ശിവജ്ഞാനം, അക്കാച്ച് മല്ലിക്, പലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ഓം പ്രകാശ് രജപുത്, ഗൗരവ് കുമാർ തുടങ്ങിയവരെയാണ് കർണാടക സൈബർ കമാൻഡ് യൂണിറ്റ് പിടികൂടിയത്.
ഇരയെ ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻ തുക കൈമാറാൻ നിർബന്ധിക്കുകയായിരുന്നു. പിന്നാലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 26 തവണകളായി ഏകദേശം 24 കോടി രൂപ കൈമാറി. പിന്നീട് പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടത് പ്രകാരം വയോധിക മൂന്ന് കോടി രൂപയുടെ സ്വർണ്ണ വായ്പ എടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാൽ ബാങ്ക് ഉദ്യോഗസ്ഥർക്കുണ്ടായ സംശയത്തെ തുടർന്ന് കർണാടക സൈബർ കമാൻഡ് യൂണിറ്റിനെ വിവരമറിയിച്ചു. സൈബർ സംഘം അനുനയിപ്പിച്ചതോടെയാണ് ഇര തട്ടിപ്പ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഓപ്പറേഷനിലൂടെ നാല് കോടിയിലധികം വിജയകരമായി മരവിപ്പിച്ചതായും കോടതി ഉത്തരവുകൾ വഴി 1.46 കോടി രൂപ കൂടി വീണ്ടെടുത്തതായും അധികൃതർ അറിയിച്ചു. കേസിൽ ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആറ് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

