ജസ്റ്റിസ് ചന്ദ്രചൂഡ് ആയി ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ്; 68കാരിക്ക് നഷ്ടമായത് 3.71 കോടി രൂപ
text_fieldsമുംബൈ: ജഡ്ജിയെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മുംബൈ സ്വദേശിയായ 68കാരിയെ ഭീഷണിപ്പെടുത്തി 3.71 കോടി രൂപ തട്ടിയെടുത്തു. തെക്കൻ മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലെയും കേന്ദ്ര അന്വേഷണ ഏജൻസികളിലെയും ഉദ്യോഗസ്ഥരായി വ്യാജമായി നടിച്ച് സൈബര്‍ കുറ്റവാളികള്‍ വ്യാജ ഓണ്‍ലൈന്‍ കോടതി വിചാരണയും നടത്തി. ജസ്റ്റിസ് ചന്ദ്രചൂഡ് എന്ന പേരിലാണ് വിഡിയോ കോളിലൂടെ വിചാരണ സംഘടിപ്പിച്ചത്.
പരാതിക്കാരി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ അറസ്റ്റിലാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഈ വർഷം ആഗസ്റ്റ് 18നും ഒക്ടോബർ 13നും ഇടയിലായിരുന്നു തട്ടിപ്പ്. ആഗസ്റ്റ് 18ന് കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് അവകാശപ്പെട്ട് പരാതിക്കാരിക്ക് ഫോൺ കോൾ ലഭിച്ചു. അവരുടെ ബാങ്ക് അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും, അന്വേഷണം സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു. മാത്രമല്ല, ഈ വിവരം ആരോടും പറയരുതെന്നും അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന്, പരാതിക്കാരിയോട് സ്വന്തം ജീവിതത്തെക്കുറിച്ച് രണ്ടോ മൂന്നോ പേജിൽ എഴുതി നൽകാനും നിർദേശിച്ചു. പിന്നീട് ‘ജസ്റ്റിസ് ചന്ദ്രചൂഡ്’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ മുന്നിൽ വിഡിയോ കോളിലൂടെ അവരെ ഹാജരാക്കി. കൂടുതൽ പരിശോധനക്കെന്ന പേരിൽ നിക്ഷേപ വിവരങ്ങൾ നൽകാൻ അവർ ആവശ്യപ്പെട്ടു. രണ്ട് മാസത്തിനിടെ ആകെ 3.71 കോടി രൂപയാണ് തട്ടിയെടുത്തത്. പണം കൈപ്പറ്റിയതിന് പിന്നാലെ പ്രതികൾ പരാതിക്കാരിയുമായി ബന്ധപ്പെടുന്നത് നിര്‍ത്തി.
സംശയം തോന്നിയ പരാതിക്കാരി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ തട്ടിയെടുത്ത തുക നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

