ഡിജിറ്റൽ അറസ്റ്റ്; മുംബൈയിൽ 85കാരന് നഷ്ടമായത് 9 കോടി രൂപ
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും വൻ സൈബർ തട്ടിപ്പ്. മുംബൈയിലെ താക്കൂർദ്വാർ സ്വദേശിയായ 85കാരനെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കുടുക്കി 9 കോടി രൂപ ഇത്തവണ തട്ടിപ്പുകാർ തട്ടിയെടുത്തു. മുംബൈ പൊലീസെന്ന വ്യാജേനയാണ് പ്രതികൾ വയോധികനെ സമീപിച്ചത്. നവംബർ 28-നാണ് തട്ടിപ്പിന് ആധാരമായ ആദ്യ ഫോൺ കോൾ വയോധികനെ തേടിയെത്തുന്നത്.
നാസിക് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി, വയോധികന്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും ആ അകൗണ്ട് വഴി കള്ളപ്പണം വെളുപ്പിക്കലിനും നിരോധിത സംഘടനയായ പി.എഫ്.ഐക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി പണം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി.
സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) കേസ് അന്വേഷിക്കുന്നുണ്ടെന്നും തുടർ നടപടികളുടെ ഭാഗമായി ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഇയാൾ വയോധികനെ വിശ്വസിപ്പിച്ചു. തുടർന്ന് വാട്സ്ആപ്പ് വഴി യൂണിഫോം ധരിച്ച ഒരാൾ വയോധികനെ വീഡിയോ കോളിൽ വിളിക്കുകയും ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഇയാളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ വരാതെ തന്നെ ഈ അന്വേഷണം നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ ഭയന്നുപോയ വയോധികൻ തന്റെ ബാങ്ക് ബാലൻസ്, മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപം, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയുടെ വിവരങ്ങളെല്ലാം തട്ടിപ്പുകാർക്ക് നൽകി. അന്വേഷണത്തിന്റെ ഭാഗമായി സുപ്രീം കോടതിയുടെയും ആർ.ബി.ഐയുടെയും പേരിലുള്ള വ്യാജ രേഖകൾ അയച്ചുനൽകിയ പ്രതികൾ, നിക്ഷേപങ്ങളെല്ലാം കോടതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അന്വേഷണം കഴിഞ്ഞാൽ പലിശയടക്കം തിരിച്ചുനൽകുമെന്നും അറിയിച്ചു. ഇതനുസരിച്ച് ഡിസംബർ 1 മുതൽ 17 വരെയുള്ള കാലയളവിൽ തന്റെ വിവിധ നിക്ഷേപങ്ങൾ പിൻവലിച്ച് 9 കോടി രൂപ ആർ.ടി.ജി.എസ് (RTGS) വഴി ഐ.സി.ഐ.സി.ഐ, ആക്സിസ്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളിലേക്ക് വയോധികൻ കൈമാറി.
ഡിസംബർ 22ന് വീണ്ടും 3 കോടി രൂപ ആവശ്യപ്പെട്ടതോടെ വയോധികൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗിർഗാവ് ബ്രാഞ്ചിലെത്തി. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ ഇടപാട് തടയുകയും വയോധികന്റെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് താൻ വലിയൊരു തട്ടിപ്പിന് ഇരയായ വിവരം വയോധികൻ തിരിച്ചറിയുന്നത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകി. മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

