ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച് മണിക്കൂറുകൾക്കകം മറ്റൊരു വിവാഹം കഴിച്ചു
text_fieldsന്യൂഡൽഹി: ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച് മണിക്കൂറുകൾക്കകം മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. സഹിൽ ഗെലോട്ട് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിക്കിയെ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പടിഞ്ഞാറൻ ദില്ലിയിലെ മിത്രോൺ ഗ്രാമത്തിലെ സ്വന്തം ധാബയിലെ ഫ്രിഡ്ജിൽ ഉപേക്ഷിക്കുകയായിരുന്നു.
ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോടെ തർക്കമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. വിവാഹം ഉപേക്ഷിക്കാൻ നിക്കി സമ്മർദം ചെലുത്തി.
ഫെബ്രുവരി ഒമ്പതിന് രാത്രി 11 മണിയോടെ സാഹിൽ ബിന്ദാപൂരിലെത്തി നിക്കിയെ ക്ഷണിച്ചു. ഹിമാചൽ പ്രദേശിലെ ഒരു ഹിൽസ്റ്റേഷനിലേക്ക് പോകുമെന്നും തന്റെ വിവാഹ വാർത്ത സത്യമല്ലെന്നും ഇയാൾ പറഞ്ഞെങ്കിലും യുവതിക്ക് വിശ്വാസമായില്ല. തുടർന്ന് കാറിൽ ഇരുവരും തർക്കത്തിലായി. പിന്നീട് സഹിൽ തന്റെ മൊബൈൽ ഡാറ്റ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം സീറ്റ് ബെൽറ്റിട്ട് യാത്രക്കാരിയെന്ന വ്യാജേനയാണ് ഇയാൾ ധാബയിലേക്കെത്തിയത്. ധാബയിലെത്തിയ സാഹിൽ മൃതദേഹം ഫ്രിഡ്ജിൽ കയറ്റി കേബിൾ വയർ ഉപയോഗിച്ച് അടച്ചു. വിവാഹമായതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് ധാബ അടച്ചിരുന്നു. അതേസമയം, നിക്കിയെ കാണാതായിട്ടും വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചില്ല. യുവതിയെ അവരുടെ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 10ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. സഹിൽ ഗെലോട്ടിനെ ചൊവ്വാഴ്ച രാവിലെ ദില്ലിയിലെ കെയർ വില്ലേജ് ക്രോസിംഗിൽ നിന്നാണ് അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു.
കോച്ചിംഗ് സെന്ററിൽ എസ്എസ്‌സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നിക്കി മെഡിക്കൽ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. ഒരു ബസ് യാത്രയിലാണ് ഇരുവരും അടുത്തതും പ്രണയത്തിലായതും. 2018 ഫെബ്രുവരിയിൽ സാഹിൽ ഗ്രേറ്റർ നോയിഡയിലെ ഒരു കോളജിൽ പ്രവേശനം നേടി. പിന്നാലെ നിക്കി ബിഎ (ഇംഗ്ലീഷ് ഓണേഴ്‌സ്) കോഴ്‌സിൽ ചേർന്നു. ശേഷമാണ് ഇവർ ഗ്രേറ്റർ നോയിഡയിൽ ഒരുമിച്ച് താമസം തുടങ്ങിയത്.
കോവിഡിനെ തുടർന്ന് ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങി. ലോക്ക്ഡൗണിന് ശേഷം ദ്വാരകയിൽ വാടകവീടെടുത്തു. എന്നാൽ നിക്കിയുമായുള്ള ബന്ധത്തെക്കുറിച്ച് സാഹിൽ വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

