'സ്ത്രീ കാറിനടിയിൽ കുടുങ്ങിയെന്ന് അറിയാമായിരുന്നു, എന്നാൽ...'; മൊഴി മാറ്റി അഞ്ജലി കേസിലെ പ്രതികൾ
text_fieldsന്യൂഡൽഹി: ഡൽഹി കാഞ്ചൻവാലയിൽ അഞ്ജലി എന്ന യുവതിയെ കാറിനടിയിൽ കുരുങ്ങിയ നിലയിൽ കിലോമീറ്ററുകളോളം ഓടിച്ച സംഭവത്തിൽ മൊഴി മാറ്റി പ്രതികൾ. കാറിനടിയിൽ സ്ത്രീ കുടുങ്ങിയെന്ന് അറിയാമായിരുന്നെന്നാണ് പ്രതികൾ മൊഴി നൽകിയത്.
പുതുവർഷരാത്രിയിലായിരുന്നു ഡൽഹിയിൽ ദാരുണമായ മരണം സംഭവിച്ചത്. അഞ്ജലിയുടെ മൃതദേഹം കാഞ്ചൻവാല മേഖലയിൽ നഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് 13 കിലോമീറ്ററോളം കാറിനടിയിൽ കുരുങ്ങിയ ശേഷമാണ് മൃതദേഹം സ്ഥലത്തെത്തിയതെന്ന് വ്യക്തമായത്.
സ്ത്രീ കാറിനടിയിൽ കുടുങ്ങിയെന്ന് അറിയാമായിരുന്നെന്നും, എന്നാൽ, വാഹനം നിർത്തി സ്ത്രീയെ പുറത്തെടുക്കാൻ ശ്രമിച്ചാൽ തങ്ങളുടെ മേൽ കൊലക്കുറ്റം ചുമത്തപ്പെടുമെന്നത് ഭയന്നാണ് നിർത്താതെ ഓടിച്ചുപോയതെന്നുമാണ് പ്രതികളുടെ പുതിയ മൊഴി.
പ്രതികൾ അപകടത്തെ തുടർന്ന് വല്ലാതെ ഭയപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. അതുകൊണ്ട് മൃതദേഹം തെറിച്ചുപോകുന്നത് വരെ വണ്ടി നിർത്താതെ ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്ത്രീയുടെ ശരീരം കുടുങ്ങിയത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികൾ നേരത്തെ നൽകിയ മൊഴി. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ചത് കൊണ്ട് മറ്റൊന്നും കേട്ടില്ലെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞ ശേഷം സ്ഥലത്തുനിന്ന് പോകുകയായിരുന്നെന്നുമാണ് നേരത്തെ നൽകിയ മൊഴി. എന്നാൽ, ഇത് കള്ളമാണെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
കൊല്ലപ്പെട്ട അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ നിധി എന്ന യുവതിയും യാത്രചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടർ അപകടത്തിൽപെട്ട് അഞ്ജലി കാറിൽ കുരുങ്ങിയതും നിധി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. നിധിക്ക് നിസാര പരിക്ക് മാത്രമേയുണ്ടായിരുന്നുള്ളൂ.
കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കളെയും ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിലോമീറ്ററുകളോളം വലിച്ചിഴച്ചത് കാരണം മൃതദേഹത്തിൽ സാരമായ പരിക്കുകളുണ്ടായിരുന്നു. 40 മുറിവുകളുണ്ടായിരുന്നു. വാരിയെല്ലുകൾ പിന്നിലൂടെ പുറത്തെത്തിയ നിലയിലായിരുന്നു. തലയോട്ടി പൊട്ടി തലച്ചോർ പുറത്തെത്തിയിരുന്നു.
ആസൂത്രിത കൊലപാതകമാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നെങ്കിലും പൊലീസിന് തെളിവ് ലഭിച്ചിരുന്നില്ല. ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. അഞ്ജലിയുടെ കുടുംബം അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന നിധിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, അപകടം നടന്നയുടെ താൻ അലറിക്കരഞ്ഞിട്ടും കാർ നിർത്താതെ ഓടിച്ചുപോയെന്നും ഭയം കാരണമാണ് ആരോടും പറയാതെ സ്ഥലത്തുനിന്ന് പോയതെന്നുമാണ് നിധി മൊഴി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

