ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsആക്രമിക്കപ്പെട്ട ആരോഗ്യ പ്രവർത്തക, പിടിയിലായ പ്രതികൾ
ചവറ: ആലപ്പുഴയിലും ചവറയിലും വനിതാ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ, രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ നിശാന്ത് സ്റ്റാലിന് (29), കടയ്ക്കാവൂര്‍ തെക്കുംഭാഗം റോയി നിവാസില്‍ റോയി റോക്കി (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 18ന് കൊല്ലം പൊലീസ് ക്ലിനിക്കിലെ ആരോഗ്യപ്രവർത്തക ചവറ കൊറ്റംകുളങ്ങര സ്വദേശി ദിവ്യാനന്ദയെ അക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബുധനാഴ്ച പിടിയിലായത്. സമാനരീതിയിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തക ആലപ്പുഴ പാനൂര്‍ ഫാത്തിമ മന്‍സിലില്‍ സുബിയയെ അടിച്ചുവീഴ്ത്തി മാലപൊട്ടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ച കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. നിശാന്ത് കൊല്ലത്തേക്ക് വരുന്നതറിഞ്ഞ് ചവറയില്‍ ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്തതില്‍നിന്ന് റോയിയെ വീട്ടില്‍നിന്ന് പിടികൂടി. വിവിധയിടങ്ങളിലെ സി.സി.ടി.വി കൾ പരിശോധിച്ചതിനെതുടർന്ന്, ഇവരുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇവര്‍ സമാന മോഷണങ്ങൾ നടത്തിയിട്ടുണ്ട്.
പോക്സോ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. നിശാന്ത് നേരത്തേ ജയില്ശക്ഷ അനുഭവിച്ചശേഷം റോയിയുമായി ചേർന്ന് വീണ്ടും മോഷണം നടത്തുകയായിരുന്നു. എ.സി.പി പ്രദീപ്കുമാർ, ചവറ സി.ഐ എ. നിസാമുദ്ദീന്‍, കണ്ട്രോള് റൂം സി.ഐ ബിജു, എസ്.ഐമാരായ സുകേഷ്, ജയകുമാര്‍, സി.പി.ഒമാരായ അനു, രതീഷ്, രഘു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് തൃക്കുന്നപ്പുഴ പാനൂർ നവാസിെൻറ ഭാര്യ സുബിനയാണ് (35) ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോൾ കഴിഞ്ഞ 20ന് രാത്രി 11.45 ഓടെ ആക്രമണത്തിനിരയായത്. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ ബൈക്കിൽ പിന്തുടർന്ന പ്രതികൾ സുബിനയുടെ തലക്കടിക്കുകയായിരുന്നു. അപ്രതീക്ഷിത അടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിയന്ത്രണംതെറ്റി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പരിക്ക് പറ്റിയില്ല. പ്രാണരക്ഷാർഥം കൂരിരുളിൽ ഇടുങ്ങിയ വഴിയിലൂടെ ഓടിയ സുബിനയെ ഇവർ പിന്തുടരുകയും തളർന്ന് വീണ യുവതിയെ കടന്നുപിടിച്ച് ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തു. ആഭരണം ഇല്ലെന്ന് കണ്ടതോടെ സുബിനയെ പൊക്കിയെടുത്ത് ബൈക്കിൽ തട്ടിക്കൊണ്ട് പോകാനായി ശ്രമം.
വാഹനം സ്റ്റാർട്ട് ചെയ്യവെ പിന്നിലിരുന്ന യുവാവിനെ തള്ളി താഴെയിട്ട് സുബിന കുതറി ഓടി വീണ്ടും റോഡിലെത്തി. ഒരു വീടിെൻറ ഗേറ്റിന് മുന്നിലെത്തി നിലവിളിച്ചെങ്കിലും വീട്ടുകാർ പുറത്തിറങ്ങി വന്നില്ല. അതിനിടെ അക്രമികൾ അടുത്തെത്തി ബലംപ്രയോഗിച്ച് വീണ്ടും വണ്ടിയിൽ കയറ്റാൻ ശ്രമിച്ചു. ചെറുത്ത് നിന്നതോടെ മർദനമുറയായി. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് വാഹനത്തിെൻറ വെളിച്ചം കണ്ട് അക്രമികൾ രക്ഷപ്പെട്ടു. സ്കൂട്ടർ അപകടത്തിൽപെട്ട് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ ഓടിക്കിതച്ചെത്തിയ സുബിന ജീപ്പിന് മുന്നിൽ വന്ന് വീഴുകയായിരുന്നു. മാനസികമായും ശാരീരികമായും തകർന്ന സുബിനയെ രാത്രി തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.