ബൈക്കുകൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ
text_fieldsമുഹമ്മദ് യാസിർ
താനൂർ: ബൈക്കുകൾ മോഷ്ടിച്ച കേസുകളിലെ പ്രതികളെ താനൂർ പൊലീസ് പിടികൂടി. നേരത്തേ താനൂർ പൊലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ഷാജഹാന്റെ മകൻ ഒഴൂർ കൂട്യമാക്കാനാകത്ത് വീട്ടിൽ മുഹമ്മദ് യാസിർ (19), പത്താം ക്ലാസ് വിദ്യാർഥി എന്നിവരാണ് പിടിയിലായത്.
ബൈക്ക് മോഷണം സംബന്ധിച്ച് താനൂർ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതി ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വലവിരിച്ച് കാത്തിരിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ബൈക്കിന് താനൂരിൽനിന്ന് നമ്പർ പ്ലേറ്റ് മാറ്റിയതായും തിരൂരിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. താക്കോൽ ഇല്ലാതെ സ്റ്റാർട്ട് ആക്കുന്ന രീതി പഠിച്ച പ്രതികൾ ബൈക്ക് മോഷ്ടിച്ച് നമ്പർ മാറ്റി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി വിൽപന നടത്തുകയായിരുന്നു പതിവ്.
സ്കൂളിൽ പോകാനും ടൂർ പോകാനും മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചിരുന്നു. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എൻ. ശ്രീജിത്ത്, സീനിയർ സി.പി.ഒ സലേഷ്, സബറുദ്ദീൻ, കൃഷ്ണപ്രസാദ്, നവീൻബാബു, പങ്കജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.