സാക്ഷി പറഞ്ഞ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsപ്രതികളായ അമീർ, ഹാജ
നെടുമങ്ങാട്: ടൗണിൽ കിഴക്കേ ബംഗ്ലാവ് പരിസരത്തു വച്ച് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച ഖദീജ അപ്പാർട്മെന്‍റിൽ നിന്ന് നെടുമങ്ങാട് മാർക്കറ്റിന് സമീപം മുനീർ മൻസിലിൽ വാടകക്ക് താമസിക്കുന്ന ബി. ഹാജ (22), ഇരിഞ്ചയം താന്നിമൂട് തടത്തരികത്ത് വീട്ടിൽ നിന്നും നെടുമങ്ങാട് അന്താരാഷ്‌ട്ര മാർക്കറ്റിന് സമീപം വാടകക്ക് താമസിക്കുന്ന എസ്. അമീർ (22) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് കച്ചേരി ജംങ്ഷനിലെ പൂക്കടയിൽ ജോലി ചെയ്യുന്ന വെള്ളനാട് കൂവക്കുടി സ്വദേശി അരുൺ (26)നെയാണ് ഒരു സംഘം കുത്തി ഗുരുതരമായി പരുക്കേൽപിച്ചത്. ഞായറാഴ്ച പൂക്കടയിലെത്തിയാണ് സംഘം യുവാവിനെ കുത്തിയത്. കുത്തേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ 23ന് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെയും കിഴക്കേ ബംഗ്ലാവ് പരിസങ്ങളിലും വച്ചാണ് ഒരു സംഘം പെയിന്‍റിങ് തൊഴിലാളിയായ ആനാട് സ്വദേശി സൂരജ് (23)നെ വളഞ്ഞിട്ട് ക്രൂരമായി തല്ലിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞുവെന്ന കാരണത്താലാണ് അരുണിന് നേരെ ആക്രമണം നടന്നത്. അരുണിന്‍റെ കഴുത്തിന് താഴെ കുത്തിയ കത്തി തുളച്ചു കയറി ഒടിഞ്ഞ നിലയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.