ഗുണ്ടാലിസ്റ്റിലുള്ള പ്രതിയടക്കം കഞ്ചാവ് സഹിതം പിടിയിൽ
text_fieldsകോട്ടക്കൽ പറമ്പിലങ്ങാടിയിൽ യുവാക്കളെ കഞ്ചാവുമായി പിടികൂടിയതറിഞ്ഞ് തടിച്ചുകൂടിയവർ
കോട്ടക്കൽ: ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളിൽനിന്ന് പൊലീസ് കഞ്ചാവ് കണ്ടെടുത്തു. കേസിൽ കോട്ടക്കൽ പറമ്പിലങ്ങാടി ഉമ്മത്തുംപടി അബ്ദുൽ റഹീം (22), പറപ്പൂർ ചീരങ്ങൻ റഹൂഫ് (22) എന്നിവരെ ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നിർദേശപ്രകാരം എസ്.ഐ കെ.എസ്. പ്രിയൻ അറസ്റ്റ് ചെയ്തു. ഇവരുടെ ബൈക്കിൽനിന്ന് 95 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് കോട്ടക്കൽ ചങ്കുവെട്ടിയിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. കാറും ഓട്ടോയും തമ്മിൽ ഉരസിയതിനിടെ ബൈക്കിലെത്തിയ യുവാക്കൾ കാർ ഡ്രൈവറെ മർദിച്ച ശേഷം വളാഞ്ചേരി ഭാഗത്തേക്ക് ഓടിച്ചുപോയി. ഇവരെ പറമ്പിലങ്ങാടിയിൽവെച്ച് കാറിലുള്ളവർ തടഞ്ഞിട്ടു. സംഭവത്തിൽ സമീപത്തുള്ളവരും യാത്രക്കാരും ഇടപെട്ടതോടെ യുവാക്കൾ കുരുമുളക് സ്പ്രേ അടിച്ചതായി നാട്ടുകാർ പറഞ്ഞു.
അക്രമാസക്തരായ യുവാക്കളെ പിന്നാലെയെത്തിയ കോട്ടക്കൽ പൊലീസ് പിടികൂടുകയായിരുന്നു. തുടർപരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അറസ്റ്റിലായ റഹീം ഗുണ്ടാ പട്ടികയിലുള്ളയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. എസ്.ഐ മുരളീധരൻ, സി.പി.ഒമാരായ ശരൺ, സൂരജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.